മലപ്പുറം : പെരിന്തല്‍മണ്ണ ഏലംകുളം കൂഴന്തറയിലെ ദൃശ്യയുടെ കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രം ആണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ സമര്‍പ്പിച്ചത്. ദൃശ്യയുടെ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷ് (21) ആണ് പ്രതി. മൂന്നു സാക്ഷികളുടെ രഹസ്യമൊഴിയുള്‍പ്പെടെ 81 പേരുടെ മൊഴി രേഖപ്പെടുത്തി. രേഖകളുള്‍പ്പെടെ 80 തൊണ്ടിമുതലുകളും സമര്‍പ്പിച്ചു. കൃത്യം നടന്ന് 57-ാമത്തെ ദിവസമാണ് കുറ്റ പത്രം നല്‍കിയത്.
അന്വേഷണോദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെയാകാമെങ്കിലും പ്രതി അന്നുതന്നെ പിടിയിലായതും മറ്റുമാണ് നേരത്തെയാകാന്‍ കാരണം. ജില്ലാ പോലീസ് മേധാവിയുടെയും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ എ.എസ്.ഐ.മാരായ സുകുമാരന്‍, ബൈജു, സീനിയര്‍ സി.പി.ഒ മാരായ ഫൈസല്‍ കപ്പൂര്‍, ശിഹാബുദ്ദീന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ജൂണ്‍ 17 നാണ് കുഴന്തറയിലെ ചെമ്മാട്ടു വീട്ടില്‍ ബാല ചന്ദ്രന്റെ മകള്‍ ദൃശ്യ കിടപ്പു മുറിയില്‍ കുത്തേറ്റു മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റു.
സംഭവത്തിന് തലേന്നു രാത്രി ദൃശ്യയുടെ പിതാവിന്റെ പെരിന്തല്‍മണ്ണ നഗരത്തിലെ വ്യാപാരസ്ഥാപനം തീയിട്ടു നശിപ്പിച്ചശേഷമാണ് പ്രതി വീട്ടിലെത്തി കൃത്യം നടത്തിയത്. സംഭവശേഷം വീട്ടില്‍ നിന്നു ഓടി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു. പിന്നീട് മഞ്ചേരി ജയിലില്‍ കഴിയവേ കൊതുകുതിരി കഴിച്ച് ആത്മഹത്യക്കും വിനീഷ് ശ്രമിച്ചു. പ്ലസ്റ്റുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. വിനീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.