മംഗ്ലൂരു : മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പോലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്. പ്രാദേശിക സംഘപരിവാർ യുവജന സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്നും പോലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ.