ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ചരിത്രം കുറിച്ച് ഗോത്രവര്‍ഗ്ഗ വനിത ഇതാദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിയായി. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു 15 ാമത് രാഷ്ട്രപതിയാകും. മുര്‍മു മൂന്ന് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ തന്നെ മൊത്തം വോട്ട് മൂല്യത്തിന്റെ 50 ശതമാനത്തിലേറെ നേടി. മൂന്നാം റൗണ്ട് വരെ മൊത്തം സാധുവായ വോട്ടുകള്‍ 3219. മൊത്തം മൂല്യം 8,38,839. ദ്രൗപദി മുര്‍മുവിന് 2161 വോട്ടുകള്‍. മൂല്യം 5,77,777. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകള്‍. മൂല്യം 2,61,062. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിയാണ് ഇതറിയിച്ചത്.
ആദ്യറൗണ്ടില്‍ എംപിമാരുടെ വോട്ടാണ് എണ്ണിയത്. പിന്നീട് സംസ്ഥാനങ്ങളിലെ വോട്ടും. കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്,ഒഡിഷ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടാണ് മൂന്നാം റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മൊത്തം സാധുവായ വോട്ടുകള്‍ 1,333. ഇതിന്റെ മൂല്യം 1,65,664. മുര്‍മുവിന് 812 വോട്ടും, യശ്വന്ത് സിന്‍ഹയ്ക്ക് 521 വോട്ടും കിട്ടിയതായി പിസി മോദി അറിയിച്ചു. അതിനിടെ 17 ടിഎംസി എംഎല്‍മാര്‍ മുര്‍മുവിന് അനുകൂലമായി വോട്ടു ചെയ്‌തെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ സുകന്ത മുജംദാര്‍ അവകാശപ്പെട്ടു.
രണ്ടാം റൗണ്ടിലും മുര്‍മുവിന് വന്‍ ലീഡ് കിട്ടി. അക്ഷരമാലാ ക്രമത്തില്‍, ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ സസാധുവായ വോട്ടുകളുടെ എണ്ണം 1,138. ഇതിന്റെ ആകെ മൂല്യം 1,49,575. മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി അറിയിച്ചു.
ആദ്യ റൗണ്ടില്‍ എംപിമാരുടെ വോട്ടാണ് എണ്ണിയത്. സാധുവായ 748 വോട്ടില്‍, മുര്‍മുവിന് 540 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 204 വോട്ടും കിട്ടി. പാര്‍ലമെന്റ് മന്ദിരത്തില്‍ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ 11 മണിയോടെ എല്ലാം സ്ംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബാലറ്റ് പെട്ടികള്‍ തുറന്നിരുന്നു.
ആദ്യറൗണ്ടില്‍ പാര്‍ലമെന്റംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ദ്രൗപദി മുര്‍മുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 21 വോട്ടും 2012 ല്‍ 15 ഉം വോട്ടുകള്‍ അസാധുവായിരുന്നു. മുര്‍മുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകള്‍ അസാധുവായെന്നും പി.സി. മോദി അറിയിച്ചു.
പാര്‍ലമെന്റിലെ 63ാം നമ്ബര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ച ശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്.
.അതിനിടെ ദ്രൗപദി മുര്‍മുവിന്റെ ജന്മനാടായ ഒഡിഷയില്‍ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. മുര്‍മുവിന്റെ റായ് രങ്പൂരിലെ ഇരുനില കെട്ടിടത്തിന് മുന്നിലാണ് ആഘോഷങ്ങള്‍. ഒരു കൂട്ടം ആളുകള്‍ വീടിന് മുന്നില്‍ നൃത്തം ചവിട്ടുന്ന വീഡിയോ പുറത്തുവന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌റംഗ്പുരിലെ സാന്താള്‍ ഗോത്ര വിഭാഗത്തില്‍ നിന്ന് പോരാടി ഉയര്‍ന്നുവന്ന നേതാവാണ് ദ്രൗപദി. യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കി പ്രതിപക്ഷം നടത്തിയ ഐക്യനീക്കം ഫലം കണ്ടില്ല.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ, വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദി വിജയിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും. എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്‌ട്രല്‍ കോളേജിലെ 4,796 പേര്‍ വോട്ടുരേഖപ്പെടുത്തി. 99ശതമാനം പോളിങ്. കേരളം അടക്കം 12 ഇടങ്ങളില്‍ 100ശതമാനം പോളിങ്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്‌പി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിന് കിട്ടി. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസമായത്.
രാജ്യത്തെ ആദ്യത്തെ ഗോത്ര വര്‍ഗ വനിതാ ഗവര്‍ണറെന്നതിനൊപ്പം, ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമായി. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാള്‍ സമ്മാനമാണ് ഇത്. സാമൂഹിക സേവനത്തിലും നിര്‍ധന ശാക്തീകരണത്തിലും താല്‍പര്യമെടുക്കുന്ന ദ്രൗപദി, ഗവര്‍ണര്‍ പദവിയിലുള്‍പ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ട്.
ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദയില്‍ വൈദ്യുതിയും നല്ല റോഡും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളജില്‍ നിന്നും ബിരുദം നേടി. രായിരനഗ്പുര്‍ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സ്ഥാപനത്തില്‍ കുറച്ചു കാലം അദ്ധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി.
1997ല്‍ രായിരനഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും റായ്‌റംഗ്പുര്‍ എംഎല്‍എയായി. 2000 ത്തില്‍ ഒഡീഷയില്‍ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ 2006-09 കാലത്ത് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മികച്ച എംഎല്‍എയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം’ 2007ല്‍ ലഭിച്ചു. ജില്ല മുതല്‍ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവര്‍ഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.
































