ദമാം: ഒരു തെറ്റും ചെയ്യാതെ ലഹരി മരുന്ന് കേസിൽ അകപ്പെട്ട് പ്രവാസി മലയാളി. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ ജോലി ചെയ്യുന്ന മലയാളിയാണ് ചെയ്യാത്ത കുറ്റത്തിന് പോലീസ് കേസിൽ അകപ്പെട്ടത്. ജയിലിലായ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. കഴിഞ്ഞ ജനുവരിയിലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കാനായി ഇദ്ദേഹം അപേക്ഷ നൽകിയത്. എന്നാൽ കേസുള്ളതിനാൽ അപേക്ഷ തള്ളി പോയി. ഇതിന്റ സത്യാവസ്ഥ അറിയാനായി പോലീസ് സ്റ്റേഷനിലെത്തിയ മലയാളി ഞെട്ടി. തന്‍റെ പേരിലുള്ളത് ലഹരിമരുന്ന് കേസ്സാണെന്ന് അറിഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.
തന്‍റെ പേരിൽ താനറിയാതെ മറ്റാരോ എടുത്ത മൊബൈൽ സിം കാർഡ് ഉപയോഗിച്ച് അജ്ഞാതർ നടത്തിയത് വൻ ലഹരി മരുന്ന് കച്ചവടമായിരുന്നു. ദമാമിലെ സീകോ ഏരിയയിലെ ഒരു കടയിൽ നിന്നാണ് ഇദ്ദേഹം സൗദിയിലെ സ്വകാര്യ കമ്പനിയുടെ ഒരു സിം കാർഡ് വാങ്ങിയത്. ഇതിനായി രണ്ടു മൂന്നു പ്രാവശ്യം വിരലടയാളം പതിപ്പിക്കുകയും ചെയ്തു. ഇതായിരിക്കാം ഇദ്ദേഹത്തെ കുരുക്കിയത്. ഇദ്ദേഹത്തിന്‍റെ പേരിൽ കടക്കാരൻ മറ്റ് സിമ്മുകളും ഈ സമയത്ത് വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.