കടകളും, ആധാരമെഴുത്ത് ഓഫീസും മറ്റും കുത്തി തുറന്ന് പണവും സാധനങ്ങളും മോഷ്ട്ടിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയും കഞ്ചാവ് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം അച്ഛനെ ലൈംഗികാസക്തിയോടെ സമീപിച്ച മകളെ ചികിൽസയ്ക്ക് എത്തിച്ചതും ,ലഹരിമരുന്ന് ഉപയോഗിച്ച ശേഷം തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയതും മറ്റെവിടെയും അല്ല ഇങ്ങ് കേരളത്തില്‍ തന്നെയാണ്.
നമ്മുടെ കുഞ്ഞുങ്ങളേ കാര്‍ന്നു തിന്നാന്‍ കാത്തിരിക്കുന്ന ലഹരി മാഫിയകള്‍ സ്കൂളുകള്‍ താവളമാക്കി കാത്തിരിക്കുന്നു. പണ്ട് ആല്‍ക്കഹോള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ടൊബാക്കോ , കൊക്കയ്ന്‍, എംഡിഎംഎ, എല്‍എസ്ഡി എന്നു തുടങ്ങി ലഹരികളുടെ ഒരു നീണ്ടനിരതന്നെ ലഭ്യമാണ്. ഇപ്പോൾ പുകയ്ക്കുന്ന പൊടികൾക്ക് പകരം എൽസിഡി സ്റ്റിക്കറുകളും പ്‌ളാക്‌സ്‌മോ ട്രോക്‌സിമോപോലുള്ള ഗുളികകളുമാണ്. മണമില്ലാത്ത ഇത്തരം ലഹരിപദാർഥങ്ങൾക്ക് പിറകിലാണ് വിദ്യാർഥികള്‍.
മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും വേഗംതന്നെ ലഹരി കടത്തുകാരായി മാറുന്നു. മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ കിട്ടുന്നതും മറ്റ് ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതും ഈ കാരിയര്‍ ജോലി ആകര്‍ഷകമാക്കി മാറ്റുന്നു. പോലീസിന്‍റെയോ എക്സൈസിന്‍റെയോ പിടിയിലാകുന്നതുവരെ ഇതു തുടരും.
കഞ്ചാവിന്‍റെ പ്രധാന പ്രശ്‌നം അതിന്‍റെ ദുര്‍ഗന്ധമാണ്. ലഭ്യതയും പ്രശ്‌നമായി. അങ്ങനെയാണ് മയക്കു ഗുളികകളിലേക്കുള്ള വാതില്‍ തുറന്നത്. മണമില്ല, ഉപയോഗിക്കുന്നത് ആരും അറിയില്ല കൊണ്ടുനടക്കാനും എളുപ്പം. അതിന്‍റെ തുടര്‍ച്ചയായി ഇതിനേക്കാളൊക്കെ കൂടുതല്‍ ലഹരി കിട്ടുന്ന കേരളം അന്നേവരെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ലാത്ത പലതരം മയക്കുമരുന്നുകള്‍ എത്തിത്തുടങ്ങി.
പല കുട്ടികളും സിന്തറ്റിക് ഡ്രഗ്സിന് അടിമപ്പെടുന്നത് കോളേജ് കാലത്താണ്. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം മയക്കുമരുന്ന് രുചിച്ച് തുടങ്ങുന്നു. പരീക്ഷാസമയത്ത് ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി സ്‌റ്റിമുലന്‍റ് ഡ്രഗ്സ് ഉപയോഗിക്കുന്നവരുണ്ട്. അതിനു ശേഷം ഉറങ്ങാന്‍ വേണ്ടി സ്വാഭാവികമായും ലഹരിയില്ലാതെ നിവൃത്തിയില്ല. ഇങ്ങനെ ആരംഭിക്കുന്ന കുട്ടികൾ പതിയെ അതിന് അടിപ്പെടുന്നു. ലഹരിയില്ലാതെ അവർക്ക് നിലനിൽക്കാനാവില്ല.
ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറവാണെങ്കിലും ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും അതിലേക്ക് പോകാനുള്ള പ്രവണത അവരിലാണ് കൂടുതൽ. ലഹരിയുടെ ഉന്മാദത്തിൽ സ്വയം മറന്ന് കൊലപാതകം, ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനും പലരും മടിക്കില്ല. ഒട്ടേറെ ക്രിമിനൽ കേസുകളുടെ പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യമുണ്ട്.
മയക്കുമരുന്ന് കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തില്‍ത്തന്നെ തിരുത്താന്‍ കഴിയാത്ത കുട്ടികള്‍ വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇവരുടെ തലയില്‍ വെച്ച് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്.
കൗമാരക്കാരെ ലഹരിയിലേക്ക് തള്ളി വിടുന്നതില്‍ സമൂഹത്തിനും വലിയ പങ്കുണ്ട്. ഇന്റർനെറ്റിലും മൊബൈലിലും ലഹരിയെ വാഴ്ത്തിപ്പാടുന്ന മെസേജുകളും ചിത്രങ്ങളും ഗാനങ്ങളും വരുമ്പോൾ അവരുടെ മനസ്സും അതിന്റെ പുറകെ പോകാം. കാണുന്ന സിനിമകളിൽ കൈയിൽ മദ്യക്കുപ്പിയും വിരലുകൾക്കിടയിൽ കഞ്ചാവുമായി സൂപ്പർതാരം നിൽക്കുന്നത് കാണുമ്പോള്‍ കുട്ടികൾക്ക് അനുകരിക്കാൻ തോന്നും. ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ നിന്ന് കഴിവതും അല്ല തീര്‍ച്ചയായും അവരും മാറണം.
സംസ്ഥാനത്തുടനീളം ലഹരി മാഫിയ സജീവമാണിന്ന്. പല കഞ്ചാവ് കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ഥികളാണെന്നതും ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലുമുണ്ടെന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വില്‍പ്പനക്കാരും ഹോള്‍സെയില്‍ വിതരണക്കാര്‍ പോലും വിദ്യാര്‍ഥികളാണെന്നുള്ള ഞെട്ടിക്കുന്ന വിവരവും വളരെ വേദനയോടെ നമ്മള്‍ തിരിച്ചറിഞ്ഞതാണ്.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വേരാഴ്ത്താൻ ലഹരിമാഫിയ നിരന്തരശ്രമം നടത്തുന്നു. ചെറുപ്പത്തിലേ അടിമകളാക്കി മാറ്റി ദീർഘകാലം അവരെ ഉപഭോക്താക്കളാക്കി പണം കൊയ്യുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. ലഹരിവിപണനക്കാർക്കും ഉപഭോക്താക്കൾക്കുമപ്പുറത്ത് ലഹരിമാഫിയയുടെ അതിവിപുലമായ ഒരു ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ കോടികൾ കൈമറിയുന്ന വൻബിസിനസ്സാണ് മയക്കുമരുന്ന് കടത്ത്.
വിനോദയാത്രക്കും മറ്റും പോകുന്നതിനിടയിൽ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെട്ട് മരിക്കുന്നവാർത്ത പത്രങ്ങളിൽ വല്ലാതെ നിറയുന്നു. പക്ഷേ മരണത്തിനിരയാകുന്നവരിൽ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമയായിമാറുന്ന വ്യക്തിക്ക് വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്ടപെടുന്നതോടെ അത്യാഹിതങ്ങളിൽ എളുപ്പത്തിൽ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്.
കേരളത്തിലെ 75% വിദ്യാർത്ഥികളും ജീവിതത്തിലൊരു തവണയെങ്കിലും ലഹരിയുടെ ആനന്ദം അനുഭവിച്ചവരാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പുറപ്പെടുവിച്ച വാർത്തകൾ. യുവതലമുറയുടെ ലഹരി ഉപയോഗം മുലം നശിക്കുന്നത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വലിയ പ്രതീക്ഷകളാണ്. നാളെയുടെ സ്വപ്‌നങ്ങളാണ്. ഒരു തുണ്ട് കയറിലും റെയില്‍ പാളങ്ങളിലും അവസാനിക്കുന്ന ജീവിതങ്ങളില്‍ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത നമ്മള്‍ മനസ്സിലാക്കണം. മനസ്സിലാക്കിയാല്‍ പോരാ. പരിഹാരവും കാണണം.
രക്ഷാകര്‍ത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്വമില്ലായ്മ എന്നിവയൊക്കെയാണ് പുതുതലമുറയിലെ ദുശ്ശീലങ്ങള്‍ക്ക് കാരണമെന്ന വസ്തുത രക്ഷിതാക്കള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. ലഹരിയസ്തമിച്ചപ്പോഴുണ്ടായ നൈരാശ്യത്തിൽ, ചൂല്‌കൊണ്ടും, വിറക് കമ്പുകൊണ്ടും പെറ്റമ്മയെ മർദ്ദിച്ചവശയാക്കുന്ന 15 കാരിയും മയക്കുമരുന്നിന്‍റെയാലസ്യത്താൽ ക്ലാസ്സുമുറിയിലെയവസാന ബെഞ്ചിൽ തലപൊക്കാനാവാതെ മതികെട്ടുറങ്ങുന്ന 14കാരനും ഉണ്ടാകുന്നത് നമ്മുടെ കൺമുമ്പിലാണ്.
രക്ഷിതാക്കളുടെ അശ്രദ്ധയും അവബോധമില്ലായ്മയുമാണ് കുട്ടികളെ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മാറ്റുന്നത്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ആദ്യഘട്ടത്തില്‍ അമിതമായി പണം നല്‍കുകയും പിന്നീട് പണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആദ്യഘട്ടത്തില്‍ ചെറിയ മോഷണങ്ങള്‍ നടത്തുകയും പിന്നീട് വലിയ മോഷ്ടാക്കളായി മാറുകയും ചെയ്യും.
വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തേ മനസ്സിലാക്കി തിരുത്തി കൈപിടിച്ചു നടത്തുക സര്‍വ്വോപരി അവര്‍ക്ക് ഉത്തമ മാതൃകയായിരിക്കുവാന്‍ ശ്രദ്ധിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ പലപ്പോഴും അവര്‍ പോലുമറിയാതെ ചെന്നുപെടുന്ന ലഹരിയുടെ കെണികള്‍ ഒഴിവാക്കാന്‍ അവരുടെ കൂടെ അവരെ മനസ്സിലാക്കി നടന്നു നീങ്ങാം.
































