കൊച്ചി : ഒന്നാംതീയതിയും മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ആലോചന. ഇതിനെക്കുറിച്ച് അടുത്ത മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടാകും. ഒന്നാം തീയതി കിട്ടുന്ന ശമ്പളം മദ്യത്തിനായി ചെലവാക്കാതിരിക്കാന്‍ 2003ല്‍ എ.കെ.ആന്റണി സര്‍ക്കാരാണ് ഡ്രൈ ഡേ നടപ്പാക്കിയത് . എന്നാല്‍ ഒരു ദിവസം മാത്രം മദ്യലഭ്യത ഇല്ലാതാക്കുന്നതിനുള്ള തീരുമാനം പരാജയമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. മദ്യവില്‍പ്പന വര്‍ഷംതോറും കൂടിവരുന്നു. മദ്യപര്‍ ആവശ്യമായ മദ്യം വാങ്ങിവെയ്ക്കുകയോ ബദല്‍ മാര്‍ഗം തേടുകയോ ചെയ്യുന്നു.
ഡ്രൈഡേ പിന്‍വലിക്കണമെന്ന ആവശ്യം വിനോദസഞ്ചാര മേഖലയിലും ശക്തമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഒന്നാംതീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സിപിഎമ്മിന്റെയും തുടര്‍ന്ന് ഇടതുമുന്നണിയുടേയും അനുമതിയോടെ പുതിയ മദ്യനയത്തില്‍ ഇത് നടപ്പാക്കാനാണ് നീക്കം. നിലവിലെ മദ്യനയം മാര്‍ച്ച് 31 വരെ തുടരുമെന്നുപറഞ്ഞ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാര്‍ത്ത നിഷേധിച്ചില്ല.
ഡ്രൈഡേ പിന്‍വലിച്ചാല്‍ സിപിഎമ്മും സര്‍ക്കാരും രാഷ്ട്രീയമായി വലിയ എതിര്‍പ്പ് നേരിടേണ്ടിവരും. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നു പറയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണ്. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള മുന്‍ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷവും ക്രൈസ്തവ സഭകളും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.