കോട്ടയം : നഗരപരിധിയിൽ നിന്നു രണ്ട് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്ത കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ രണ്ട് യുവാക്കൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. അയ്മനത്തും ആർപ്പൂക്കര തൊണ്ണങ്കുഴിയിലുമായാണ് സ്ത്രീകളുടെ ബാഗുകൾ മോഷ്ടാക്കൾ കവർന്നത്. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെയും അയ്മനം കല്ലുങ്കത്ര മുട്ടേൽ കോളനിയിൽ ജയരാജിനെയാണ് (22) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്നു ബാഗും പണവും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിനു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വെസ്റ്റ് പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, ഗ്രേഡ് എസ്ഐമാരായ പി.എൻ രമേശ്, സുരേഷ്, എഎസ്ഐ പി.എൻ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സജീവ്, ടി.ജെ. സുദീപ്, സിവിൽ പോലീസ് ഓഫിസർമാരായ കെ.ആർ ബൈജു, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.