നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ അരുമനയില്‍ 50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി കസ്റ്റഡിയില്‍. പളുകല്‍ കോടവിളാകം സ്വദേശി ഷിബുവിന്റെ ഭാര്യ സിന്ധു (37) ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പോലീസ് പറയുന്ന പ്രകാരം സിന്ധു രണ്ട് വര്‍ഷമായി പളുകലില്‍ സ്വകാര്യ ഫിനാന്‍സ് നടത്തിവരികയായിരുന്നു. ലോണ്‍ വാഗ്ദ്ധാനം നല്‍കി നാട്ടുകാരുടെ കൈയില്‍ നിന്ന് പണം തട്ടിയെടുത്തിരുന്നു. ഇതിനിടെ വെള്ളാങ്കോടില്‍ കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാള്‍ഡ് ജബയുമായി പരിചയത്തിലായി.
ദിവസങ്ങള്‍ക്ക് മുമ്പ് സിനിമ ഷൂട്ടിംഗ് ആവശ്യത്തിനുള്ള ഡമ്മി നോട്ടാണെന്നും താത്ക്കാലം ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങള്‍ക്കുള്ള ലോണ്‍ ഉടന്‍ ശരിയാക്കാമെന്നും പറഞ്ഞ് സിന്ധു പണം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി സിന്ധു പണം തിരിച്ചെടുക്കാനെത്തിയപ്പോള്‍ ജെറാള്‍ഡ് അരുമന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്. ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പണം സഹിതം സിന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുഹൃത്തായ സിനിമ താരം സൂക്ഷിക്കാനായി തന്നതാണ് പണമെന്നും കോവളത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും അവിടേയ്ക്ക് കൊണ്ടുപോകാന്‍ വേണ്ടിവന്നപ്പോഴാണ് പിടിയിലായതെന്നുമാണ് സിന്ധു മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും വിശ്വസിച്ചിട്ടില്ലെന്നും പിടികൂടിയ പണം അമ്പതുലക്ഷം വരുമെന്നും അന്വേഷണസംഘം പറഞ്ഞു. തക്കല ഡി.എസ്.പി രാമചന്ദ്രന്‍ അരുമന സ്റ്റേഷനില്‍ എത്തി പ്രതിയെ ചോദ്യം വിശദമായി ചോദ്യംചെയ്തുവരികയാണ്.