ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് ഡോളർ മൂല്യമുള്ള തങ്ങളുടെ സ്വർണ്ണശേഖരം മാറ്റി നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് (ഡിഎൻബി). അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്ന് ബാങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.കഴിഞ്ഞ മാർച്ചിനും ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിലാണ് 86 മെട്രിക് ടണ്ണോളം വരുന്ന സ്വർണ്ണം ന്യൂയോർക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോൾട്ടുകളിൽ നിന്ന് ലണ്ടനിലേക്ക് മാറ്റിയത്. മുൻപ് നെതർലാൻഡ്സിന്‍റെ ആകെ സ്വർണ്ണശേഖരത്തിന്‍റെ 31.3 ശതമാനം ന്യൂയോർക്കിലും 19.7 ശതമാനം ഓട്ടവയിലുമാണ് സൂക്ഷിച്ചിരുന്നത്.
എന്നാൽ പുതിയ മാറ്റത്തോടെ രണ്ട് നഗരങ്ങളിലെയും ശേഖരം 18.5 ശതമാനമായി കുറച്ചതായി ബാങ്ക് അറിയിച്ചു. നിലവിൽ 612.4 മെട്രിക് ടൺ സ്വർണ്ണ ശേഖരമാണ് ഡച്ച് ബാങ്കിനുള്ളത്.സ്വർണ്ണശേഖരത്തിന്‍റെ കൈമാറ്റക്ഷമതയും വ്യാപാര സാധ്യതകളും വർദ്ധിപ്പിക്കുന്നതിനാണ് ഈ മാറ്റമെന്ന് ഡച്ച് സെൻട്രൽ ബാങ്ക് ഗവർണർ ഒലാഫ് സ്ലീപെൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ അടിയന്തിര കരുതൽ ശേഖരം ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഏത് പ്രതിസന്ധിയെയും പ്രതിരോധിക്കാനുള്ള ബാങ്കിന്‍റെ ശേഷിയും സജ്ജീകരണങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു































