പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം എ.കെ. ഷാനിബ്. സോഷ്യൽ മീഡിയയിൽ കൂട്ടമായി അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും കണ്ടുവെന്നും അതിൽ കൂടുതലും ഇടതുപക്ഷ പ്രൊഫൈലുകളാണ് എന്നത് വേദനിപ്പിക്കുന്നുവെന്നും ഷാനിബ് കുറിച്ചു. എത്ര വലിയ എതിർപ്പോ അഭിപ്രായവ്യത്യാസമോ ഉണ്ടായാലും ഒരു മനുഷ്യന്റെ മരണത്തെ ആഘോഷിക്കുകയോ മരണവാർത്തയെ അപമാനിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിച്ച മൂല്യമല്ല. മനുഷ്യന്റെ അന്തസ്സും ജീവന്റെ വിലയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം.
അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുമ്പോൾ ശക്തമായ വിമർശനം നടത്തിയവരോടുപോലും മരണശേഷം മാന്യത പുലർത്തുക എന്നത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, അത് നമ്മുടെ തന്നെ രാഷ്ട്രീയബോധത്തിന്റെ പരാജയമാണ്. ഇടതുപക്ഷം എന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമല്ല. മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ, ഏത് രാഷ്ട്രീയ ക്യാമ്പിൽ നിന്നായാലും മരണത്തെ ആഘോഷിക്കുന്നതും മരിച്ചവരെ അപമാനിക്കുന്നതും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























