പത്തനംതിട്ട : ഇന്ത്യയെന്ന രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വര്‍ഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് ഡോ.സുനില്‍ പി ഇളയിടം പറഞ്ഞു. അത്യന്തം ആപല്‍ക്കരമായ ഭീഷണിയാണ് രാജ്യം നേരിടുന്നത്. ഇന്ത്യ ഇന്നത്തെ നിലയില്‍ രാജ്യമായി നിലനില്‍ക്കണോ വേണ്ടയോ എന്ന അടിസ്ഥാനപരമായ ചോദ്യം ഉയര്‍ന്നുവരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം പി.ബിജു നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ മതമാണ് ദേശീയത എന്ന അവബോധം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഭരണകൂട ശ്രമം. ഇതിനെ ചെറുത്തുതോല്‍പ്പിച്ചെ മതിയാകു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഫെഡറലിസവും ഒരു പോലെ ഭീഷണി നേരിടുന്നു. പാര്‍ലമെന്ററി ജനാധിപത്യം എന്ന് അവകാശപ്പെടാമെങ്കിലും ഇന്ന് പാര്‍ലമെന്റിലെ നിയമനിര്‍മാണങ്ങള്‍ എല്ലാം ഏകപക്ഷീയമായി നിര്‍മിക്കപ്പെടുയകയാണ്. കൈയ്യൂക്കിന്റെ പിന്‍ബലത്തില്‍ അധികാര കേന്ദ്രീകൃതം ലക്ഷ്യമാക്കിയ ഭരണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് നാം ഭയപ്പെടണം. ഓരോ വിഷയം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരിലും ഈ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ മതാന്ധത പടര്‍ത്താനാണ് ശ്രമം. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെയും ഉള്ള് പൊള്ളയായി മാറുന്നു.
രാഷ്ട്രീയ ഭൂരിപക്ഷത്തെ വര്‍ഗീയ ഭൂരിപക്ഷമാക്കി അതാണ് രാജ്യത്തിന്റെ പൊതുബോധം എന്ന് സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിച്ച് അധികാര കേന്ദ്രീകരണം നേടാന്‍ ആസൂത്രിത ശ്രമമാണ് നടത്തുന്നത്. രാജ്യത്തിന്റെ ബഹുസ്വരത ഇതുവഴി ഇല്ലാതാകും. മതേതരത്വം ഇല്ലെങ്കില്‍ ഇന്ത്യയും ഇല്ല. ചരിത്രത്തെ വക്രീകരിച്ചും പുതിയ ചരിത്രം രചിച്ചും ജനാധിപത്യം തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരായി ഉയര്‍ന്നു വരുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസം മറ്റൊരു ആപത്താണ്. അത്തരത്തിലുള്ള തീവ്രവാദം കൊണ്ട് ഈ ദുഷ്ട ശക്തികളെ നേരിടാന്‍ ആവില്ല. ജനാധിപത്യപരമായ രീതിയില്‍ ശക്തമായ ചെറുത്തുനില്‍പ്പിന് ഈ നാട് ഉണരേണ്ടതുണ്ട്. ബഹുമുഖ സമരം ആവശ്യമാണ്. ഡിവൈഎഫ്‌ഐയെ പോലുള്ള യുവജന സംഘടനകള്‍ക്ക് ഇതില്‍ സുപ്രധാന പങ്ക് വഹിക്കാനുമുണ്ട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ ഈ വിപത്തിനെതിരെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരണമെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.