കൊച്ചി : എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിന് മികച്ച പ്രതികരണം. എറണാകുളം ജില്ലയിൽ നൂറ് ടിവികളാണ് ലഭിച്ചത്. ഇവ കോതമംഗലം ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് എത്തിച്ച് നൽകുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത രണ്ടരലക്ഷം വിദ്യാർത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്.
ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ജൂൺ ഒന്നിന് ആരംഭിച്ചു. ടിവി പോലും ഇല്ലാത്ത വിദ്യാർത്ഥികൾ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദമാണ്. പരമാവധി പേർക്ക് ടെലിവിഷൻ എത്തിച്ച് നൽകാനുള്ള ലക്ഷ്യവുമായാണ് ഡിവൈഎഫ്ഐ ടിവി ചലഞ്ച് തുടങ്ങിയത്. ആദ്യദിവസങ്ങളിൽ തന്നെ ആയിരത്തിലധികം ടിവി സെറ്റുകൾ ലഭിച്ചു. കൊച്ചിയിൽ ഹൈക്കോടതിയിലെ ഡിവൈഎഫ്ഐ യൂണിറ്റിലെ അഭിഭാഷകർ, സംവിധായകൻ ആഷിഖ് അബു, ഡോക്ടർമാർ, വ്യാപാരികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ടിവി ചലഞ്ച് ഏറ്റെടുത്തു. ഓരോ ജില്ലയിലെയും ഏറ്റവും പിന്നോക്കമുള്ള പ്രദേശങ്ങളിലാണ് ആദ്യം ടിവി വിതരണം ചെയ്യുക. വിദ്യാഭ്യാസ വകുപ്പിന്‍റെ പട്ടികയിൽ നിന്നാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. വീട്ടിൽ ഒന്നിൽ കൂടുതൽ ടിവി ഉള്ളവർക്കോ, പുതിയ ടിവി വാങ്ങി നൽകാൻ തയ്യാറാകുന്നവർക്കോ വരും ദിവസങ്ങളിൽ ടിവി ചലഞ്ചിൽ പങ്കാളികളാകാം.