കൊച്ചി : എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് ഇ. ശ്രീധരന്‍. പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കാറുളളതെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്മാരാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇ.ശ്രീധരന്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവും. സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടായേക്കാം. നിലവില്‍ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ബിജെപിക്കെതിരെയുണ്ട്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
രാജ്യസഭാംഗമാവാന്‍ താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.