തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെക്കൊണ്ട് സത്യം പറയിക്കാന്‍ പെടാപ്പാട് പെടുകയാണ് ഇ.ഡി. എല്ലാം നടപടിക്രമങ്ങള്‍ മാത്രം. അസ്വാഭാവികമായി ഒന്നുമില്ല. കഴിഞ്ഞ അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ വാചകം മാത്രമാണ്. ഒന്നും വിട്ടുപറയാതെ ശിവശങ്കര്‍ ഇതേ പല്ലവി ആവര്‍ത്തിക്കുന്നതിനാലാണ് കൂടുതല്‍ തെളിവുകളുമായി നാലു ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്. ചോദ്യങ്ങളോടു നിഷേധഭാവത്തിലുള്ള പ്രതികരണമാണ് നടത്തുന്നതെന്നും നിര്‍ണായകമായ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും ഇ.ഡി പറയുന്നു.
2018 ഡിസംബര്‍ ഒന്നു മുതല്‍ 2019 ഏപ്രില്‍ 28 വരെയുള്ള കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വേണ്ടി ഒരുമാസം ഡെപ്യൂട്ടേഷനില്‍ മാറ്റി നിറുത്തിയിരുന്നു. പകരം ശിവശങ്കര്‍ ഈ പദവി ഏറ്റെടുത്തിരുന്നു. ഇക്കാലത്ത് നടന്ന ഇടപാടുകളും മാറ്റത്തിന്‍റെ ഉദ്ദേശ്യവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കും എല്ലാം നടപടിക്രമങ്ങള്‍ മാത്രമാണെന്നാണ് ശിവശങ്കര്‍ മറുപടി നല്‍കിയതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കോഴയിടപാടില്‍ ശിവശങ്കറിന് വിചാരിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടെന്നും ഇയാളെ കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള ഇ.ഡിയുടെ അപേക്ഷ കണക്കിലെടുത്താണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി നാലു ദിവസം കൂടി കസ്റ്റഡി അനുവദിച്ചത്.
കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാലു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റഡി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഈ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനെക്കുറിച്ച് പരാതികളുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ശിവശങ്കറിന് ചികിത്സാ സൗകര്യങ്ങള്‍ നല്‍കിയിരുന്നതായി ഇ.ഡിയും വിശദീകരിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിക്കുവേണ്ടി യു.എ.ഇ. റെഡ് ക്രസന്റ് എന്ന സംഘടന നല്‍കിയ 19 കോടി രൂപയില്‍ 4.5 കോടി രൂപ കോഴയായി വിതരണം ചെയ്തെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്‍റെ തിരുവനന്തപുരത്തെ ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ഈ കോഴപ്പണത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഇതു ശിവശങ്കറിന് ലഭിച്ച കോഴയാണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ലോക്കറെടുത്തതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 14 നു രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ശിവശങ്കറിനെ ഫെബ്രുവരി 24 ന് വൈകിട്ട് 3.30 ന് തിരികെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































