കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക് വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക് പോകുന്നവരുമായ പ്രവാസികളെ ദുരിതത്തിലാക്കി വിമാന കമ്പനികൾ. 24 മണിക്കൂറിനിടെ ഗൾഫ്- കേരള സെക്ടറിൽ അഞ്ചിലധികം വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ഇന്നലെ രാത്രിയിലെ കൊച്ചി- അബൂദബി എയർ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത നൂറിലധികം പേർക്ക് യാത്ര ചെയ്യാനായില്ല. ഇവരിൽ പലരും ഇപ്പോഴും കൊച്ചി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ തുടരുന്നു. ഗൾഫ് – കേരള സെക്ടറിൽ ഏറ്റവും തിരക്കുള്ള സമയത്ത് തന്നെയാണ് വിമാനകമ്പനികളുടെ നടപടികൾ മൂലം യാത്രക്കാർ പ്രതിസന്ധിയിലാകുന്നത്.
തിരക്ക് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർത്തിയെങ്കിലും സമയക്രമം പാലിക്കാനോ ലഗേജുകൾ സമയത്ത് എത്തിക്കാനോ കമ്പനികൾ തയാറാകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഓവർ ബുക്കിങ് അടക്കം സാങ്കതിക കാരണങ്ങൾ പറഞ്ഞ് ഇന്നലെ രാത്രി 9.30നുള്ള കൊച്ചി- അബൂദബി വിമാനത്തിൽ നൂറിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്. ഇവരിൽ കുറച്ചുപേർക്ക് മാത്രമാണ് പകരം സംവിധാനം കമ്പനി ഒരുക്കി നൽകിയിട്ടുള്ളത്. ബാക്കിയുള്ളവർ എപ്പോൾ പോകുമെന്ന് അറിയാനാകാതെ ഹോട്ടലിൽ തുടരുകയാണ്.ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നിരവധി സർവീസുകളും വൈകിയിട്ടുണ്ട്.
ഷാർജ- കോഴിക്കോട്, ദുബൈ- തിരുവനന്തപുരം, അബൂദബി- കോഴിക്കോട് എയർ ഇന്ത്യ സർവീസുകളും മണിക്കൂറുകൾ വൈകി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്രക്കാരെ കയറ്റി മൂന്ന് മണിക്കൂറിലധികമാണ് റൺവേക്ക് സമീപം നിർത്തിയിട്ടത്. സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്ത യാത്രക്കാരിൽ ചിലർക്ക് രണ്ട് ദിവസം കഴിഞ്ഞിട്ടും ലഗേജ് കിട്ടിയിട്ടില്ലെന്ന പരാതിയുമുണ്ട്. വിമാന കമ്പനികൾ യാത്രക്കാർക്ക് സൗകര്യം ഒരുക്കാനോ കൃത്യമായി മറുപടി പറയാനോ തയാറല്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.































