കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളുമായി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ. കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ച വേളയിൽ ശബരി വിമാനത്താവള പദ്ധതി തന്റെ സ്വപ്ന പദ്ധതികളിലൊന്നാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു പ്രസ്താവിച്ചതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു. പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കേന്ദ്ര മന്ത്രിക്ക് ഇ-മെയിൽ മുഖേന നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണമുണ്ടായതെന്ന് കമ്മിറ്റി പറയുന്നു.
കേരള മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തിലും പദ്ധതി സംബന്ധിച്ച് ആവശ്യമായ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ചതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വിമാനത്താവള പദ്ധതിക്ക് ആവശ്യമായ സാമൂഹിക, സാങ്കേതിക, പരിസ്ഥിതി അനുമതികൾ ലഭ്യമാക്കാൻ കഴിയുമെന്നതാണ് കൊടുമണ്ണിന്റെ സാധ്യതയായി ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ ചുമതലയിലുള്ള റവന്യൂ ഭൂമി ഉപയോഗപ്പെടുത്താൻ കഴിയുമെന്നതിനാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന വാദവും കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു.കഴിഞ്ഞ സർക്കാർ കാലയളവിൽ ചെറുവള്ളിയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനോട് അനുകൂല നിലപാടുണ്ടായിരുന്നെങ്കിലും, അവിടെയുള്ള സാങ്കേതികവും സാമൂഹികവും വസ്തുസംബന്ധമായതുമായ വിവിധ നിയമപ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്.
രാഷ്ട്രീയമായും ഇടതുപക്ഷം കൊടുമണ്ണിന്റെ സാധ്യതയെ പൂർണമായി നിരസിക്കുന്നില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരളത്തിലെ ഭരണകക്ഷി എന്ന നിലയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ മുന്നൊരുക്കങ്ങളും രാഷ്ട്രീയ ഇടപെടലും ഉണ്ടായാൽ സംസ്ഥാനതല തീരുമാനങ്ങൾക്ക് കാലതാമസം നേരിടാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും ആക്ഷൻ കമ്മിറ്റി പങ്കുവച്ചു.കേരള സർക്കാർ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാൽ സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളമായി കൊടുമൺ മാറുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രതീക്ഷ വർധിപ്പിച്ചതായും കമ്മിറ്റി പറഞ്ഞു.
പദ്ധതിക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകളും കൺവെൻഷനുകളും സംഘടിപ്പിക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ സമ്മർദം ചെലുത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ശബരി വിമാനത്താവളം യാഥാർഥ്യമായാൽ പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകൾക്കും വികസന കുതിപ്പിന് വഴിയൊരുങ്ങുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ. മധ്യതിരുവിതാംകൂറിലെ ആത്മീയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും വിദേശമലയാളികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും വ്യാപാര, കയറ്റുമതി മേഖലകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയവയുടെ വിപണനത്തിനും കയറ്റുമതിക്കും കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ മുൻ നിലപാട് വികസനവിരുദ്ധതയല്ലെന്നും, ആറന്മുളയുടെ പ്രത്യേക പരിസ്ഥിതി സാഹചര്യത്തിൽ വിമാനത്താവളം വരുന്നതിനോടായിരുന്നു എതിർപ്പെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കിയതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു. കൊടുമണ്ണിൽ പദ്ധതി നടപ്പാക്കുന്നത് ഗുണകരമാകുമെന്ന നിലപാടും ഇതിനായി ഒരു പഠനസമിതിയെ ചുമതലപ്പെടുത്തി മുന്നോട്ട് പോകാനുള്ള തീരുമാനവും ബി.ജെ.പി നേതാക്കൾ അറിയിച്ചതായും കമ്മിറ്റി പറഞ്ഞു.
ആറന്മുളയിൽനിന്ന് വ്യത്യസ്തമായി കൊടുമണ്ണിൽ തണ്ണീർത്തടങ്ങളോ ആരാധനാലയങ്ങൾക്ക് ഭീഷണിയോ ഇല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പാട്ടക്കാലാവധി കഴിഞ്ഞ റബർ മരങ്ങൾ മുറിച്ചുമാറ്റി ചെറിയ കുന്നുകൾ നിരപ്പാക്കാനും പാറ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ ലഭ്യമാക്കാനും കഴിയുമെന്നതും കൊടുമണ്ണിന്റെ സാധ്യതകളായി കമ്മിറ്റി വിലയിരുത്തുന്നു.
കൃഷിയെ ആശ്രയിച്ചിരുന്ന ജനതയ്ക്ക് കൃഷിമേഖലയിലെ പിന്നാക്കാവസ്ഥയും വ്യവസായ മേഖലകളുടെ അപര്യാപ്തതയും മറികടക്കാൻ വിമാനത്താവള പദ്ധതി സഹായകമാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രതീക്ഷ. വ്യവസായ, വാണിജ്യ, തൊഴിൽ മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനും പത്തനംതിട്ടയെ വികസന ഹബ്ബാക്കി മാറ്റാനും പദ്ധതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.സർക്കാരിന്റെ വികസന പദ്ധതികളിൽ ശബരി വിമാനത്താവളത്തിനായി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന ആകാംക്ഷയിലാണ് പത്തനംതിട്ടയിലെ ജനതയെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അനുകൂല നിലപാടുകൾ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ശബരി വിമാനത്താവളത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റിയും ശബരി സാംസ്‌കാരിക വേദിയും.

































