വശ്യമനോഹരമാണ് എടത്തറച്ചോലയുടെ സൗന്ദര്യം. വിനോദ സഞ്ചാര മേഖലയിൽ ഏറെ സാധ്യതകളുള്ള ഈ പ്രകൃതിയുടെ മനോഹാരിത സംരക്ഷിക്കാൻ ആളില്ലാത്തതുമൂലം നശിക്കുന്നു. അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ എംഇഎസ് മെഡിക്കൽ കോളജിന് ശേഷം റോഡിനോട് ചേർന്ന് മാലാപറമ്പിൽ മലയുടെ ചെരുവിലായാണ് ഈ സ്ഥലം. പുലാമന്തോൾ പഞ്ചായത്തിൽ ഒന്നാം വാർഡിലാണ് എടത്തറച്ചോല. വറ്റാത്ത നീരുറവയോടു കൂടിയ മനോഹരമായ ചോലയും വെള്ളച്ചാട്ടവും പ്രകൃതി സുന്ദരമായ ദൂരക്കാഴ്ച നൽകുന്ന മലകളും താഴ്വാരവും കോടമഞ്ഞുമെല്ലാം ഇവിടെ സഞ്ചാരികൾക്കായി കരുതിവച്ച ഹരം പകരുന്ന മനോഹര ദൃശ്യങ്ങളാണ്. എടത്തറച്ചോലയിൽ നിന്നുള്ള സൂര്യാസ്തമയവും ഏറെ മനോഹരം.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ ശ്രമഫലമായി ഇവിടത്തെ നീരുറവ മതിൽ കെട്ടി സംരക്ഷിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ എംഎൽഎ ആയിരുന്ന മഞ്ഞളാംകുഴി അലി എടത്തറച്ചോല മിനി ഡാം നിർമിച്ചു. വേനൽക്കാലത്ത് ഡാമിന്റെ താഴ്ന്ന പ്രദേശത്തുള്ള നൂറു കണക്കിന് കുടുംബങ്ങൾക്ക് വെള്ളം നൽകുന്നുണ്ട് ഈ മിനി ഡാം. വർഷക്കാലത്ത് ഡാം നിറഞ്ഞ് കവിഞ്ഞൊഴുകും . താഴ്വാരത്തു നിന്ന് കോടമഞ്ഞ് കൂടി കയറുന്നതോടെ വെള്ളച്ചാട്ടത്തോടൊപ്പം ഇവിടം കൂടുതൽ മനോഹരമാകം.
സഞ്ചാരികൾക്ക് പുറമെ ചാറ്റൽ മഴ നനഞ്ഞ് കോട ആസ്വദിച്ച് ഇവിടെ കുളിക്കാനെത്തുന്നവർ നിരവധി. കൂടാതെ നാച്വറൽ സിമ്മിങ് പൂളും. ആഴം ഏറെ ഇല്ലാത്തതിനാൽ നീന്തൽ പഠിക്കാനും ഇവിടെ ഏറെ പേർ എത്തുന്നു. എടത്തറച്ചോല ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്കായി മുൻപ് പുലാമന്തോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. എന്നാൽ ടൂറിസം വകുപ്പിന്റെ നിസ്സഹകരണം മൂലം പദ്ധതിക്ക് അനുമതി ലഭിച്ചില്ല.
എടത്തറച്ചോലയോട് ചേർന്ന് സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തി വാച്ച്ടവറോടു കൂടിയ ഒരു കംഫർട്ട് സ്റ്റേഷനും ഇരിപ്പിടങ്ങളും ഉദ്യാനവും നിർമിച്ച് ഓപ്പൺ പാർക്കായി സംരക്ഷിക്കാവുന്നതാണ്. അതുവഴി നഗരജീവിതത്തിന്റെ തിരക്കിനിടയിൽ ഒഴിഞ്ഞു മാറി കുളിർ കാറ്റേറ്റ് പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇവിടം ഉപയോഗപ്പെടുത്തണം. ഇവിടെയുള്ള സർക്കാർ ഭൂമി പൂർണ്ണമായി ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
നിലവിൽ കാടുമൂടി കിടക്കുന്ന പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണ്. ചോലയിലെ വെള്ളം പലപ്പോഴും മലിനമാകുന്ന സാഹചര്യവുമുണ്ട്. മുകളിൽ നിന്ന് മലവെള്ളപാച്ചിലിൽ കുത്തിയൊലിച്ച് വരുന്ന മണ്ണടിഞ്ഞ് വേനൽക്കാലത്ത് ചോലയിലെ നീരുറവയ്ക്ക് കുറവു വരുന്ന സാഹചര്യവും ഉണ്ട്. വർഷാവർഷങ്ങളിൽ മണ്ണു നീക്കി നീരുറവയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കൊടികുത്തിമല, പാലൂർക്കോട്ട വെള്ളച്ചാട്ടം, എടത്തറച്ചോല എന്നിവ ഉൾപ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി പ്രഖ്യാപിച്ചാൽ അത് അനന്ത സാധ്യതകളാണ് വിനോദ സഞ്ചാര മേഖലയിൽ തുറന്നിടുക.