ന്യൂഡല്‍ഹി: സേവനത്തില്‍ വീഴ്ചവരുത്തുന്ന സര്‍വ്വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എതിരെ ഉപഭോക്തൃ നിയമപ്രകാരം നടപടി സാധ്യമോ എന്ന് സുപ്രീംകോടതി പരിശോധിക്കും.
സേലം വിനായക മിഷന് സര്‍വ്വകലാശാലക്കെതിരെ മനു സോളങ്കിയുടെ നേതൃത്യത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
2005-06 അധ്യയന വര്‍ഷത്തില്‍ സര്‍വ്വകലാശാലയുടെ വാഗ്ദാനം വിശ്വസിച്ചു മെഡിക്കല്‍ പഠനത്തിന് ചേര്‍ന്ന തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും അംഗീകാരമില്ലാത്ത കോഴ്സിന് തെറ്റിദ്ധരിപ്പിച്ചു പ്രവേശനം നല്‍കിയെന്നും ഹാർജിക്കാര് വാദിച്ചു.
സേവനങ്ങളില്‍ വീഴ്ച വരുത്തുകയും തൊഴില്‍ സാധ്യത നഷ്ടപ്പെടുത്തുകയും ചെയ്തതിന് 1.4 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും പരിശീലന സ്ഥാപനങ്ങള്‍ ഒഴികെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നായിരുന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. ഈ വിധിക്കെതിരെയാണ് അപ്പീലുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയിലെത്തിയത്.
ഭിന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപ്പീല്‍ സ്വീകരിക്കാന്‍ തയ്യാറായ കോടതി ആറാഴ്ചക്കകം മറുപടി സമര്‍പ്പിക്കാന്‍ സര്‍വ്വകലാശാല അഭിഭാഷകനോട് നിര്‍ദേശിച്ചു.