പത്തനംതിട്ട : 25 വര്‍ഷം മുമ്പും ഇലന്തൂരില്‍ നരബലി നടന്നിരുന്നു. അന്ന് ബലിയാടായത് നാലുവയസ്സുകാരി അശ്വതി. 1997സെപ്റ്റംബറിലാണ് ദുര്‍മന്ത്രവാദത്തിനിരയായി നാലരവയസുകാരി ഇലന്തൂരില്‍ കൊല്ലപ്പെട്ടത്. ആര്‍.ശ്രീലേഖ പത്തനംതിട്ട എസ്. പിയായിരിക്കെ കേസ് അന്വേഷിച്ചത് അന്നത്തെ ആറന്മുള എസ്. ഐ കെ.ഹരികൃഷ്ണനാണ്. നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആറന്‍മുള സ്റ്റേഷനില്‍ നിന്ന് പോലീസ് ഇലന്തൂരിലേക്കെത്തിയതെന്ന് അന്ന് എസ്.ഐ ആയിരുന്ന ഹരികൃഷ്ണന്‍ പറയുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്ക് കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു.
26 ഓളം മുറിപ്പാടുകള്‍ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാധ ഒഴിപ്പിക്കുന്നതിനായാണ് അന്ന് നാല് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂര്‍ പരിയാരത്ത് കമിയാന്‍ കണ്ടത്തില്‍ ശശിരാജപ്പണിക്കരുടെ മകള്‍ നാലുവയസ്സുകാരി അശ്വതി ആണ് ആഭിചാര കര്‍മികളുടെ കത്തിക്കിരയായത്. സംഭവത്തില്‍ ശശിരാജപ്പണിക്കരും സഹോദരനും ഭാര്യമാരും അടക്കം ആറോളം പേര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു.