കൊച്ചി : പൂജയിൽ പങ്കെടുത്താൽ പണം നൽകാമെന്ന വാഗ്ദാനവുമായി ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതിന് കൂടുതൽ തെളിവുകൾ. പണം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനിയാണ് വെളിപ്പെടുത്തിയത്. ഇലന്തൂരിലെ ദമ്പതികള്‍ക്ക് വേണ്ടി പൂജ നടത്തണമെന്നായിരുന്നു ആവശ്യം. ഇതിൽ സഹകരിച്ചാൽ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നൽകാമെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
കൊല്ലപ്പെട്ട പത്മയെയും റോസ്ലിനെയും അടുത്തറിയാമെന്ന് പറഞ്ഞ യുവതി റോസ്ലിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പറയുന്നു. റോസ്ലിനെ ഇലന്തൂരില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ഷാഫി പറഞ്ഞതായും യുവതി വ്യക്തമാക്കി. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതിൽ പേടിയില്ലെന്നും ഷാഫി അവകാശപ്പെട്ടതായും രക്ഷപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും യുവതി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരിയെ ഷാഫി സമീപിച്ചതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.