പത്തനംതിട്ട : സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പാക്കുന്ന വഴികാട്ടി പദ്ധതി ആരംഭിച്ചു. മെഴുവേലി പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂളിൽ ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്കൂളിൽ വരാതെ മുങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തുവാനും ലഹരി മാഫിയകളെ അമർച്ച ചെയ്യാനും അതോടൊപ്പംതന്നെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പോലീസ് ഒപ്പമുണ്ടന്ന സന്ദേശം നല്കുന്നതുമാണ് പദ്ധതി. എല്ലാ ദിവസവും കുട്ടികളുടെ അറ്റന്റൻഡന്‍സ് നോക്കുകയും സ്കൂളില്‍ വരാത്ത കുട്ടികളുടെ വീട്ടിൽ പോലീസ് നേരിട്ട് തേടിചെല്ലുകയും ചെയ്യും. മതിയായ കാരണമില്ലാതെ വരാതിരിക്കുന്ന കുട്ടികളെ സ്കൂളിലെത്തിച്ച് നേര്‍വഴി കാട്ടാനുള്ള ഈ പദ്ധതി സ്റ്റേഷൻ പരിധിയിലെ മുഴുവൻ സ്കൂളിലും നടപ്പിലാക്കുവാനാണ് തീരുമാനം. പിടിഎ പ്രസിഡന്റ് അജിചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഎസ്ഐ മാത്യു കെ ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് ,എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ബിജു ജെ സ്വാഗതവും ഹെഡ്മിസ്ട്രസ് സിന്ധു നന്ദിയും രേഖപ്പെടുത്തി.