പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. അന്തരീക്ഷ താപനില വര്‍ധിക്കുകയും ജലലഭ്യത കുറയുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്കും ജാഥകള്‍ക്കും സ്വീകരണങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം എന്നിവ തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കുക. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ പ്ലേറ്റ് / ഗ്ലാസ്സ് എന്നിവ ഉപയോഗിക്കരുത്. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട , തൊപ്പി എന്നിവ ഉപയോഗിക്കുക. കാറ്റ് കടന്ന്, ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, സൂര്യാഘാതം എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ഉടന്‍ തന്നെ തണല്‍ ഉള്ള സ്ഥലത്തേയ്ക്ക് മാറി ഇരിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.