കണ്ണൂര്‍: ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണെന്നു കെ. സുധാകരന് എംപി.
കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത നേതാക്കളെ ഉള്‍പ്പെടുത്തി പുനഃസംഘടന നടത്തിയപ്പോള്‍ അതിന്റെ ഗുണമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
സിപിഎമ്മിന്റെയും ബിജെപിയുടേയും സംഘടനാരീതി അവര്‍ക്ക് ഗുണം ചെയ്തെന്നും സുധാകരന് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫ് നേടിയ വിജയമാണിത്. പിണറായിയുടെ നിയോജകമണ്ഡലത്തിലെ മുഴുപ്പിലങ്ങാട് എസ്ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് സിപിഎമ്മെന്നും സുധാകരന് ആരോപിച്ചു.