കൊച്ചി : അത്യുജ്ജല വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പായിരുന്നുവെന്നും കെകെ ശൈലജ വ്യക്തമാക്കി.
നാല് ഭാഗത്ത് നിന്നും വളഞ്ഞിട്ട് ആക്രമണമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനുമെതിരെയും നേരിടേണ്ടി വന്നത്. എന്നാല്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു ജനങ്ങള്‍ക്കാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ആക്രമണത്തിനിടയിലും തയാറായി. അതുകൊണ്ടു തന്നെ ജനങ്ങള്‍ ഞങ്ങളെ കൈവിടില്ല, ഗവണ്‍മെന്റിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
ഇടതു പക്ഷ ജനാധിപത്യ മുന്നണി യോജിപ്പോടുകൂടിയുള്ള പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഞങ്ങള്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ചവച്ചപ്പോള്‍ ജനങ്ങള്‍ അതിന് വലിയ അംഗീകാരമായി തിരികെ തന്നു. കൂടുതല്‍ വികസനം ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള ജനവിധിയാണിത്. വലിയ തോതില്‍ ആക്രമണമുണ്ടായ അവസരത്തിലാണ് സന്തോഷകരമായ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടത് പക്ഷ ജനാധിപത്യമുന്നണിയ്ക്ക് കഴിഞ്ഞത്. ജനങ്ങളോടൊപ്പം എന്നും ഞങ്ങള്‍ ഉണ്ടാവും ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.