ലോക്സഭാ തെരഞ്ഞെടുപ്പ്:
നാളെ (26) അവധി
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26) സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടി ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. അവധി നിഷേധിക്കുന്ന തൊഴിലുടമക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും.
ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിംഗ് ഓഫീസര്‍
പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിംഗ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിംഗിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിംഗ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിംഗ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിംഗ് യന്ത്രം പരിശോധിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പൊതുചുമതലകള്‍. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരിക്കും.
മോക്‌പോള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധു
വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പായി മോക്‌പോള്‍ ആരംഭിക്കും. മോക്‌പോള്‍ നടന്നിട്ടില്ലെങ്കില്‍ പോളിംഗ് നടന്നിട്ടില്ലെന്ന് കണക്കാക്കും. പോളിംഗ് ഏജന്റുമാര്‍ ആരുമില്ലെങ്കില്‍ 15 മിനിറ്റ് കൂടി കാത്തിരിക്കും. ആരും വന്നില്ലെങ്കില്‍ വിവരം സെക്ടര്‍ ഓഫീസറെ അറിയിച്ച് മോക്‌പോള്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ രേഖപ്പെടുത്തണം.
പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
പോളിംഗ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിംഗ് മെഷീന്‍ ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
പോളിംഗ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ടത്
ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിംഗ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.
പോളിംഗ് അവസാനിപ്പിക്കല്‍
വോട്ടിംഗ് അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിംഗ് അവസാനിക്കും.
ടെണ്ടര്‍ വോട്ടുകള്‍
തെരഞ്ഞെടുപ്പിലെ 49പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.
സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കേണ്ടതാണ്.
കുട്ടികള്‍ക്കായി ക്രഷ് സംവിധാനം
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്രഷ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളില്‍ വോട്ടര്‍മാരെ അനുഗമിക്കുന്ന കുട്ടികള്‍ക്കായാണ് ഈ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.