ഹൈദരാബാദ്: ഇലക്ട്രിക് ട്രാക്ടര്‍ പ്രോട്ടോടൈപ്പ് അനാവരണം ചെയ്‍ത് ഹൈദരാബാദ് ആസ്ഥാനമായ സെലസ്റ്റിയല്‍ ഇ-മൊബിലിറ്റി. ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ സെലസ്റ്റിയല്‍ ഇ-മൊബിലിറ്റി പൂര്‍ണമായും സ്വന്തമായി വികസിപ്പിച്ചതാണ് ഇലക്ട്രിക് ട്രാക്ടര്‍. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് ട്രാക്ട്ര്‍ പ്രോട്ടോ ടൈപ്പാണിത്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മാത്രമാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
150 ആംപിയര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് ട്രാക്ടര്‍ പ്രോട്ടോ ടൈപ്പിന്റെ ഹൃദയം. ഇതിലെ 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ 18 ബിഎച്ച്പി കരുത്തും 53 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 20 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.
വീടുകളിലെ സിംഗിള്‍ ഫേസ് 16 ആംപിയര്‍ ഔട്ട്‌ലെറ്റ് വഴി ബാറ്ററി ചാര്‍ജ് ചെയ്യാം. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ആറ് മണിക്കൂര്‍ മതി. എന്നാല്‍ അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ രണ്ട് മണിക്കൂര്‍ മതിയാകും. റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതയാണ്. ബാറ്ററി സ്വാപ്പ് ചെയ്യാന്‍ കഴിയും. പവര്‍ ഇന്‍വേര്‍ഷന്‍ മോഡാണ് മറ്റൊരു പ്രത്യേകത. അതായത് യുപിഎസ് ചാര്‍ജ് ചെയ്യുന്നതിന് ട്രാക്ടര്‍ ഉപയോഗിക്കാന്‍ കഴിയും.
ഈ വര്‍ഷം അവസാനത്തോടെ ഇ-ട്രാക്ടര്‍ വിപണിയിലെത്തിക്കാനാണ് സെലസ്റ്റിയല്‍ ഇ-മൊബിലിറ്റിയുടെ പദ്ധതി. എന്നാല്‍ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ പ്രോട്ടോടൈപ്പല്ല ഇത്. ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്‌കോര്‍ട്‌സ് ഇലക്ട്രിക് ട്രാക്ടര്‍ കണ്‍സെപ്റ്റ് 2017 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.