കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുന്നറിയിപ്പു നൽകേണ്ട ഏജൻസിയുടെ ഭാഗത്തുനിന്ന് കൃത്യമായി അറിയിപ്പു ലഭിച്ചില്ലെന്ന് മന്ത്രി ഇരിട്ടിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുന്നറിയിപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു. പുഴകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും മാറ്റണമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 42.5 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ 30 ശതമാനം ആയിരുന്ന ജലനിരപ്പ് 10 ശതമാനം കൂടി ഇപ്പോൾ 40 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം ഇടുക്കിയിൽ 73 ശതമാനമായിരുന്നു ജലം ഉണ്ടായിരുന്നത്. മഴക്കെടുതിയിൽ തകരാറിലായ 92 ശതമാനം വൈദ്യുതി കണക്ഷനുകളും പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് ആകെ 4,80,614 വൈദ്യുതി കണക്ഷനുകൾ തകരാറിലായതായാണ് കണക്കുകൾ പറയുന്നത്. ഇതിൽ 92 ശതമാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചു നൽകി. ഇനി 35,118 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.




























