മലപ്പുറം : നാലുദിവസമായി അവശനിലയില്‍ ജനവാസകേന്ദ്രത്തില്‍ നിലയുറപ്പിച്ച് മറ്റൊരു ആന കൂടി. മലപ്പുറം കരുവാരക്കുണ്ട് ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമാണ് മോഴയാനയെ കണ്ടെത്തിയത്. സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ കാട്ടിലേക്കു കയറ്റിവിടാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആനയെ പരിശോധിച്ചു. ആനയുടെ അടുത്തേക്കു ചെല്ലുമ്പോള്‍ ദുര്‍ഗന്ധമുണ്ട്. അസുഖം ബാധിച്ചു അവശനായതാണെന്ന് സംശയിക്കുന്നു. പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചാലും പോകാന്‍ ആനയ്ക്ക് ശേഷിയില്ല. സൈലന്റ്‌വാലി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.എം.മുഹമ്മദ് ഹാഷിമിന്റയും കരുവാരകുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശശികുമാര്‍ ചെങ്കല്‍വീട്ടിലിന്റെയും നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ സ്‌ഫോടക വസ്തു കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞത് അന്താരാഷ്ട്രതലത്തില്‍ വരെ ചര്‍ച്ചയായതിന് പിന്നാലെയാണ് സമാന സ്വഭാവമുള്ള വാര്‍ത്ത മലപ്പുറത്ത് നിന്നും വരുന്നത്.