വടശ്ശേരിക്കര: വടശ്ശേരിക്കര നിവാസികളുടെ ആനപ്പേടിക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുപോലെ ഉറക്കമില്ലാ രാത്രികൾ തള്ളിനീക്കുകയാണ്. ഇന്ന് രാവിലെയും വടശ്ശേരിക്കര വില്ലേജ് ഓഫീസിനോട് ചേർന്നുള്ള കടവിൽ നാല് കാട്ടാനകളാണ് ഇറങ്ങിയത്. പ്രദേശത്തെ കൃഷികളെല്ലാം വ്യാപകമായി നശിപ്പിച്ച ശേഷമാണ് ആനക്കൂട്ടം നദിയിലൂടെ മറുകരയിലേക്ക് മടങ്ങിയത്. വടശ്ശേരിക്കര ടൗണിൽ നിന്ന് വെറും 100 മീറ്റർ മാത്രം അകലെയാണ് ഇന്ന് രാവിലെ ആനകൾ എത്തിയത് എന്നത് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കുന്നു. എങ്ങനെ ജീവിക്കണം എന്നറിയാതെ, ഭയം കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. ജനവാസ മേഖലയിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടാനകളുടെ ഈ വരവ് അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വടശ്ശേരിക്കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഒളികല്ലിലാണ് ആദ്യം ആനകൾ എത്തിയിരുന്നത്. അവിടുത്തെ പച്ചപ്പും കൃഷികളും പൂർണ്ണമായി നശിപ്പിച്ച ശേഷമാണ് ഇപ്പോൾ തീറ്റ തേടി ദിവസവും വടശ്ശേരിക്കര ടൗണിന് സമീപത്തേക്ക് ആനകൾ എത്തുന്നത്. ബൗണ്ടറി, മോഡൽ റസിഡൻഷ്യൽ സ്കൂൾ പരിസരം, ചെമ്പരത്തിമൂട്, ഒളികല്ല്, കുമ്പളത്താമൺ തുടങ്ങിയ ഇടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകൾ ദിവസേന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിരവും ശാശ്വതവുമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്കാവും വരും ദിവസങ്ങളിൽ വടശ്ശേരിക്കര സാക്ഷ്യം വഹിക്കേണ്ടി വരിക.





























