ഇന്ത്യന്‍ കാര്‍ വിപണിയില്‍ സിറ്റി, അമേസ് എന്നീ രണ്ട് സെഡാന്‍ കാറുകളുടെ മാത്രം മികവില്‍ തട്ടിമുട്ടി മുന്നോട്ട് നീങ്ങുകയായിരുന്നു ഹോണ്ടയെന്ന ജാപ്പനീസ് കാര്‍ ഭീമന്‍. എതിരാളികളെല്ലാം വിവിധ സെഗ്‌മെന്റുകളിലായി പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുമ്പോഴും രാജ്യത്ത് പതിറ്റാണ്ടുകളുടെ പാരമ്പ്യര്യമുള്ള കമ്പനി കൈയ്യും കെട്ടി നോക്കിനിന്നു. തക്ക സമയത്ത് തന്നെ ഇന്ത്യയില്‍ കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക്’എലിവേറ്റ്’ എന്ന പടവീരനെ ഹോണ്ട ഇറക്കിവിട്ടു. ഇപ്പോള്‍ വില്‍പ്പന ചാര്‍ട്ടുകളിലും ഹോണ്ടയുടെ എലിവേറ്റ്. എലിവേറ്റിന്റെ സഹായത്തോടെ ഉത്സവ മാസമായ ഒക്ടോബറില്‍ 13,083 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന കൈവരിക്കാന്‍ ഹോണ്ട കാര്‍സിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജാപ്പനീസ് വാഹന ഭീമന്‍ 11,221 യൂണിറ്റ് വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 15 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.
2023 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകളുമായി തട്ടിച്ച്‌നോക്കുമ്പോഴും വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര വില്‍പ്പന കണക്കുകള്‍ നേരിയ തോതില്‍ കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ധിച്ചത് ഗുണകരമായി. എലിവേറ്റിനൊപ്പം സിറ്റിയും അമേസും സ്ഥിരം പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതും ജാപ്പനീസ് നിര്‍മാതാക്കള്‍ക്ക് ബലമായി. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 9,400 കാറുകളാണ് ഹോണ്ട കാര്‍സ് വിതരണം ചെയ്തത്. ഹോണ്ട കാർസ് കഴിഞ്ഞ മാസം 3,683 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2022 ഒക്‌ടോബറില്‍ കപ്പല്‍കയറ്റിയ 1,678 യൂണിറ്റുകളില്‍ നിന്ന് വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോഴും കയറ്റുമതിയില്‍ കുതിപ്പുണ്ട്. 2023 സെപ്റ്റംബറില്‍ 1,310 യൂണിറ്റായിരുന്നു കയറ്റുമതി. 2022 ഒക്ടോബറിനെ അപേക്ഷിച്ച് ഇത് ഏകദേശം 55 ശതമാനവും മുന്‍ മാസത്തെ അപേക്ഷിച്ച് 65 ശതമാനവും വര്‍ധിച്ചു. 2023 സെപ്റ്റംബര്‍ നാലിനാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത്. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്‌ഷോറൂം വില.