തിരുവനന്തപുരം : ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ചേർത്തലയിൽ ഭക്ഷ്യ സംസ്‌കരണ പാർക്കിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവാണ് റദ്ദാക്കിയത്. താൻ തന്നെയാണ് ഉത്തരവിൽ ഒപ്പിട്ടത്. കമ്പനിയുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങൾ ഉയർന്നതിനാൽ വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഒരു കരാറും ആരുമായിട്ടും ഉണ്ടാക്കിയിട്ടില്ല. ചേർത്തലയിൽ ഭൂമി ആവശ്യപ്പെട്ട് കെഎസ്‌ഐഡിസിയുടെ മുൻപിൽ ഒരു അപേക്ഷവരികയാണുണ്ടായത്. ഭക്ഷ്യ സംസ്‌കരണം മാത്രമാണ് അവിടെ നടക്കുന്നത്. സ്ഥലം അനുവദിക്കേണ്ടത് വ്യവസായ വകുപ്പും കളക്ടറും ഉൾപ്പെടയുള്ള വിഭാഗമാണ്. അപേക്ഷ പരിഗണിച്ച് ഭൂമി നൽകാമെന്ന ധാരണയിലെത്തി. ഇഎംസിസിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.