കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന വാദങ്ങൾ പൊള്ളയാണെന്നു വ്യക്തമാക്കി ഇപിഎഫ്ഒയുടെ 2024–25 ലെ വാർഷിക റിപ്പോർട്ട്. പെൻഷൻ ഫണ്ടിന്റെ ആകെ മൂല്യം ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നതായി പറയുന്ന റിപ്പോർട്ടിൽ പെൻഷൻ ചെലവുകൾക്കായി വരുമാനത്തിന്റെ അഞ്ചിലൊന്നുപോലും ചെലവഴിക്കേണ്ടി വരുന്നില്ലെന്നും വ്യക്തം. 2020–21 ൽ 6.02 ലക്ഷം കോടി രൂപയായിരുന്ന ആകെ പെൻഷൻ ഫണ്ട് മൂല്യം 4 വർഷം കൊണ്ട് 67% വളർച്ച നേടിയാണ് 10.07 ലക്ഷം കോടിയിലെത്തിയത്. പെൻഷൻ ഫണ്ടിന് അതതു വർഷം ലഭിക്കുന്ന പലിശ വരുമാനത്തിന്റെ ഒരംശം കൊണ്ടുതന്നെ പെൻഷൻ നൽകാൻ ഇപിഎഫ്ഒയ്ക്കു കഴിയുന്നുണ്ട്. 2024–25 ൽ ലഭിച്ച പലിശ വരുമാനം 64,341.77 കോടി രൂപയാണ്. എന്നാൽ, പെൻഷനും മറ്റു പിൻവലിക്കൽ ആനുകൂല്യങ്ങളുമായി ആകെ വിതരണം ചെയ്തത് 27,963.76 കോടി രൂപ മാത്രം (പലിശ വരുമാനത്തിന്റെ 43.46%).
പെൻഷൻ ഫണ്ടിലേക്കു ലഭിച്ച വാർഷിക വിഹിതമായ 83,838 കോടി രൂപ കൂടി ചേർത്താൽ ആകെ വരുമാനം 1.48 ലക്ഷം കോടി രൂപ കവിയും. ഇതിന്റെ 18.87% മാത്രമാണ് പെൻഷൻ ചെലവ്. കഴിഞ്ഞ 4 വർഷവും ഇതുതന്നെയാണു സ്ഥിതി. പെൻഷൻ ഫണ്ടിന് അംഗങ്ങൾക്കു പലിശ നൽകുകയോ പെൻഷൻകാർ മരിച്ചുപോയാൽ നിക്ഷേപത്തുക തിരികെ നൽകുകയോ ചെയ്യാത്തതിനാൽ പെൻഷൻ ചെലവു കഴിച്ചുള്ള തുകയെല്ലാം ഫണ്ടിന്റെ മൂല്യം വർധിപ്പിക്കും. പെൻഷൻകാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പുതിയ അംഗങ്ങളുടെ എണ്ണത്തിലും അവരുടെ വേതനത്തിലും ഉണ്ടാകുന്ന വർധന മൂലം ഫണ്ടിലേക്കുള്ള നിക്ഷേപ വരവിൽ ഇടിവുണ്ടായിട്ടില്ല.
2015–16 ൽ ആകെ പെൻഷൻ ഫണ്ട് മൂല്യം 2.77 ലക്ഷം കോടി രൂപയായിരുന്നു. അത് 10 വർഷംകൊണ്ട് 10.07 ലക്ഷം കോടിയാകുമ്പോൾ വാർഷിക വളർച്ച 13.8 ശതമാനത്തോളം വരും. ഇതു മികച്ച മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലത്തിൽ നൽകുന്ന നേട്ടത്തിനു സമാനമാണ്. 2015–16 ൽ പെൻഷൻ ഫണ്ടിന് 21,662 കോടി രൂപ പലിശ ലഭിച്ചപ്പോൾ പെൻഷൻ വിതരണത്തിനു ചെലവായത് 13,545 കോടിയായിരു ന്നു. ഫണ്ട് മൂല്യം 10 വർഷം കൊണ്ട് നാലിരട്ടിയോളമായെങ്കിലും വിതരണം ചെയ്യുന്ന പെൻഷൻ ഇരട്ടിയായതേയുള്ളൂ. പലിശ വരുമാനം മൂന്നിരട്ടിയാകുകയും ചെയ്തു.
ആകെ 81.5 ലക്ഷത്തോളം വരുന്ന പിഎഫ് പെൻഷൻകാരിൽ 90% പേർക്കും (73.57 ലക്ഷം) 3000 രൂപയിൽ താഴെ മാത്രമാണു പെൻഷൻ. ഇവരിൽ 1,000 രൂപയോ അതിൽ താഴെയോ ലഭിക്കുന്നവരുടെ എണ്ണം 36.82 ലക്ഷം വരും (45.19%). കേവലം 60,479 പേർക്ക് (0.74%) മാത്രമാണ് പ്രതിമാസം 5000 രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിക്കുന്നതെന്നും വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.


































