കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ല, കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ല്‍ കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതിനാലാണ് എറണാകുളത്ത് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലയില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് റൂറല്‍ എസ് പി. കെ കാര്‍ത്തിക്കും അറിയിച്ചു.
ജില്ലയില്‍ നിലവില്‍ നിലവില്‍ 453 കണ്ടെയിന്‍മെന്റ് സോണുകളുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ പാഴ്‌സലുകള്‍ അനുവദിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ജില്ല എറണാകുളമാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത് 8000ല്‍ പരം കേസുകളായിരുന്നു. ഇന്നും നാളെയുമായി 39,500 പരിശോധനകള്‍ നടത്തും. ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.