തിരുവല്ല : ഇരവിപേരൂർ സി.പി.എം ഏരിയാ കമ്മറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു.
സംസ്ഥാന കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മറുചേരിയിൽ പെട്ട 23 പാർട്ടി അംഗങ്ങളെയും ഏതാനും ലോക്കൽ കമ്മറ്റി അംഗങ്ങളെയും പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. ദീർഘനാളായി തുടരുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പാർട്ടി അംഗങ്ങളെ പുറത്താക്കിയുള്ള പ്രതികാര നടപടി.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ കീഴിൽ സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാന കമ്മറ്റി അംഗമായ കെ.അനന്ത ഗോപനെ പിന്തുണക്കുന്ന വിഭാഗവും ഇതിനെ എതിർക്കുന്ന ഏരിയാ കമ്മറ്റിയിലെ മറു വിഭാഗവും തമ്മിലുള്ള ചേരിപ്പോര് സി.പി.എം ജില്ലാ കമ്മറ്റിക്കും തലവേദനയാവുകയാണ്.
മുൻ പഞ്ചായത്ത് പ്രസിഡന്റും അനന്ത ഗോപന്റെ ബന്ധുവുമായ എന്‍.രാജിവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് 23 അംഗങ്ങളെ പുറത്താക്കിയതിന് പിന്നിൽ എന്നാണ് പുറത്തായവരുടെ ആരോപണം.
ലോക്കൽ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതിൽ ഇരു വിഭാഗത്തിലും ഉൾപ്പെടാത്ത പാർട്ടി അംഗങ്ങളും പ്രതിഷേധത്തിലാണ്. എന്‍ രാജീവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനസൂയ ദേവി ഉൾപ്പെടെയുളളവരെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
എന്‍.രാജീവിന്റെ നേതൃത്വത്തിൽ പത്ത് ഏരിയാ കമ്മറ്റി അംഗങ്ങൾ മുമ്പ് രാജി വെച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. മറ്റ് ഏരിയാ കമ്മറ്റി അംഗങ്ങൾ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ എത്തി. എന്നാല്‍ ഇവർ രാജി പിൻവലിക്കാതെ തന്നെ ഏരിയാ കമ്മറ്റിയിൽ തുടരുകയായിരുന്നു.
സംസ്ഥാന കമ്മറ്റി അംഗമായ കെ.അനന്ത ഗോപന്റെ പിന്തുണയാണ് ഇവർക്കുളളതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ വാറ്റ് ചാരായം പിടികൂടിയതും പുറമറ്റത്ത് സി.പി.എം പ്രാദേശിക നേതാവിനെതിരെ പെൺ വിഷയം ഉയർന്നുവന്നതുമെല്ലാം വിഭാഗീയതയുടെ ഭാഗമായാണെന്നാണ് സി.പി.എം ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.
ആറോളം സി.പി.എം ബ്രാഞ്ചുകളിലെ അംഗങ്ങൾക്കെതിരെയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗവും ഏരിയാ കമ്മറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ ദലിത് വിഭാഗത്തിൽ പെട്ട കെ.സി സജികുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അകറ്റി നിർത്തിയത് സംസ്ഥാന കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിലാണന്ന ആരോപണം പാർട്ടി അംഗങ്ങൾക്കിടയിലുണ്ട്.
പുറത്താക്കൽ നടപടിക്കെതിരെ സി.പി.എം ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകുവാനാണ് പുറത്താക്കപ്പെട്ടവരുടെ തീരുമാനം. പ്രദേശത്ത് കുടുംബാധിപത്യം നടത്തുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.