കൊച്ചി : സമ്പര്‍ക്കവ്യാപനം തുടരുന്ന എറണാകുളത്ത് 40 ശതമാനം കോവിഡ് ബാധിതരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പോസീറ്റീവായവരാണെന്നു റിപ്പോർട്ട്. ആറ് ശതമാനം രോഗികളാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ജില്ലയില്‍ രോഗം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കരിങ്ങാച്ചിറ സ്വദേശിനി ഏലിയാമ്മ (81) ആണ് മരിച്ചത്.
കോവിഡ് പ്രതിരോധം ആറ് മാസം പിന്നിട്ടപ്പോള്‍ എറണാകുളം ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,782 പേര്‍ക്ക്. ഇതില്‍ 1,018 പേരും രോഗമുക്തരായി. നിലവില്‍ എണ്ണൂറില്‍ താഴെ രോഗികളാണു വിവിധ എഫ്എല്‍ടിസികളിലായി (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണമില്ലാത രോഗികളായവരുടെ കണക്കാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. രോഗം ബാധിച്ചവരില്‍ 75 ശതമാനവും പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള 18 ശതമാനത്തിനും രോഗം ബാധിച്ചിട്ടുണ്ട്.
അതേസമയം രോഗവ്യാപനം രൂക്ഷമായ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ തുടരുകയാണ്. കൂടുതല്‍ വാര്‍ഡുകളിലേക്കു രോഗം പടര്‍ന്നതാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്കു കാരണം. ആലുവയിലും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. നിലവില്‍ ജില്ലയില്‍ 4 വലിയ ക്ലസ്റ്ററുകളും 10 ചെറിയ ക്ലസ്റ്ററുകളുമാണുള്ളത്. ഏറ്റവും ഒടുവില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 31 പേരും സമ്പര്‍ക്ക രോഗബാധിതരാണ്. രണ്ടു മാസം പ്രായമുള്ള കുഞ്ഞും രണ്ടു ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.