ആലപ്പുഴ : കോവിഡിനെ തുടര്‍ന്ന് ദീര്‍ഘനാളായി നിര്‍ത്തിവെച്ചിരുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. രാവിലെ 8.40ന് കായംകുളത്തു നിന്നും എറണാകുളത്തേക്കും (56380), വൈകീട്ട് ആറിന് എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കുമുള്ള (56383) സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ ഈ ആഴ്ച തന്നെ പുനരാരംഭിക്കുവാനാണ് റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം. എ എം ആരിഫ് എം പി ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍ ബി ജി മില്യയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. മറ്റു പാസഞ്ചര്‍ ട്രെയിനുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ആരിഫ് അറിയിച്ചു. എറണാകുളം- കായംകുളം, കൊല്ലം -തിരുവനന്തപുരം, കോട്ടയം-എറണാകുളം തുടങ്ങിയ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നിരുന്നത്.