എരുമേലി :എരുമേലി റാന്നി സംസ്ഥാന പാതയിൽ കാർതലകീഴായി അപകടം. പെട്ടന്ന് മുന്നിൽ വെട്ടിതിരിഞ്ഞു വന്ന ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ എതിർ വശത്തേക്ക് കാർ തിരിച്ചതോടെ റോഡിന്റെ വശത്ത് കിടന്ന തടിയിലേക്ക് കയറി കാർ തല കീഴായി മറിഞ്ഞ് അപകടം. കാർ ഡ്രൈവർക്ക് നിസാര പരിക്ക്. അപകടത്തിൽ കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപെടാൻ കഴിഞ്ഞത് അദ്‌ഭുതം പോലെ തോന്നുന്നെന്ന് ഡ്രൈവർ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
എരുമേലി റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വന പാതയിൽ വെച്ചാണ് അപകടമുണ്ടായത്. പത്തനാപുരം സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത്. എരുമേലിയിലേക്ക് കാർ ഡ്രൈവ് ചെയ്തുവരുന്നതിനിടെ വനപാതയിൽ വെച്ച് എതിരെ വന്ന ടോറസ് ലോറി പെട്ടന്ന് റോഡിന്റെ മധ്യ ഭാഗത്തേക്ക് വെട്ടിതിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കാർ ഡ്രൈവർ പറഞ്ഞു. ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ ഇടതുവശത്തേക്ക് കാർ തിരിച്ചു മാറ്റിയപ്പോൾ റോഡിൻറെ വശത്ത് ഇട്ടിരുന്ന തടിയിൽ കയറുകയും തുടർന്ന് കാറിൻറെ അടിയിൽ തടി ഉരുളയും ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു.