റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ബാധിച്ച വൈറസ് 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്‌റാഖി വ്യക്തമാക്കിയത്. അതേസമയം രോഗബാധിതയായ നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ആദ്യം രോഗം പിടിപ്പെട്ടത് ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനായിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയിലാണ് മലയാളി നഴ്സിന് രോഗം പടര്‍ന്നതെന്നാണ് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നത്. അതേസമയം മലയാളി നഴ്‌സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കിയത്.