തിരുവനന്തപുരം : ഒരു ചിത്രശലഭം പൂവിന് വേദനയില്ലാതെ തേന്‍ കുടിക്കുന്നത് പോലെയാവണം നികുതി പിരിക്കാനെന്നാണ് നികുതി ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്നത്. നികുതി പിരിക്കുമ്പോള്‍ നികുതിദായകന് അതിന്റെ വേദന അനുഭവിക്കാന്‍ പാടില്ല എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മാത്രമല്ല നികുതി പിരിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് കൂടിയായിരിക്കണമെന്നതും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഓണനാളുകളോടടുക്കുന്ന വേളയില്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതായത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തിനും തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളിയുടെ ഇത്തവണത്തെ ഓണം. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, കടമെടപ്പ്, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി പ്രതിസന്ധികള്‍ വിലക്കയറ്റിനും കേരളത്തിലെ നിലവിലെ ദുഃസഹമായ അവസ്ഥയ്‌ക്കും കാരണമാകുന്നുവെങ്കിലും ധൂര്‍ത്തും അഴിമതിക്കും പുറമെ സര്‍ക്കാരിന്റെ ആര്‍ഭാടവും ഇതിന് കാരണമാകുന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് നോക്കിയാല്‍ രണ്ടാം പിണറായി സര്‍ക്കാരിന് ധൂര്‍ത്തും കെടുകാര്യസ്ഥതയും വളരെ അധികമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍. സാധാരണക്കാരനായി ജനിച്ച് വളര്‍ന്ന ഒരു കമ്മ്യൂണിസ്‌റ്റ് നേതാവിന് സഞ്ചരിക്കാന്‍ 40 വാഹനങ്ങളുടെ അകമ്പടി വേണമെന്നതും കേരളത്തില്‍ മാത്രം കണ്ട് വരുന്ന ഒരു പ്രതിഭാസമാണ്. ഒരു ജനസേവകന്‍ ജനങ്ങളെ ഭയക്കേണ്ടി വരുമ്പോഴോ, അല്ലെങ്കില്‍ അമിതമായ ജനപ്രീതി സുരക്ഷാവീഴ്‌ച ആയേക്കാമെന്ന പശ്ചാത്തലത്തിലോ ആണ് ഇത്രയും അകമ്പടി വാഹനങ്ങളുടെ ആവശ്യം ഉദിക്കുന്നത്. എന്നാല്‍ തുടരെ തുടരെയുള്ള അഴിമതി ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത് ജനപ്രീതി വര്‍ധിച്ചുവെന്നല്ലെന്ന് സാക്ഷര കേരളത്തിന് മനസിലാവും. ഇത്തരം സാഹചര്യത്തിലാണ് ജനങ്ങളില്‍ നിന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അകമ്പടി വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിക്ക് 17 പേഴ്‌സണല്‍ സ്‌റ്റാഫുകള്‍ മാത്രമാണുള്ളതെങ്കില്‍ കേരളത്തിലേക്ക് കടന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം 30ലേറെ പേഴ്‌സണല്‍ സ്‌റ്റാഫുകളാണുള്ളത്. ഇവരുടെ കീഴില്‍ മറ്റ് ജീവനക്കാരും ഉള്‍പ്പെടും. ഇത്തരത്തില്‍ ഒരു വലിയ പടയെ തന്നെ ഒരുക്കി കൊണ്ട് നടന്നിട്ടും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചതൊന്നും ലഭിക്കാതെ വരുന്നതോടൊണ് ജനങ്ങളുടെ മുഖത്ത് ഭാവ വ്യത്യാസങ്ങളുണ്ടാവുന്നത്. അതായത് ചുരുക്കി പറഞ്ഞാല്‍ ഇഷ്‌ടക്കാരെ അധികാര സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി അവരുടെ പോക്കറ്റുകള്‍ ഇഷ്‌ടം പോലെ നിറച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ജനം നല്‍കുന്ന നികുതി ചെലവിടുന്നത് എന്ന വിമര്‍ശനം മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതലായി ഇപ്പോള്‍ ഉയരുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കേന്ദ്രം സംസ്ഥാനത്തിന്റെ കൈകളും കാലുകളും കെട്ടിയിട്ടിരിക്കുകയാണെന്നുമുള്ള ധനമന്ത്രിയുടെ തുറന്നുപറച്ചിലുകള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്ന ധൂര്‍ത്തിന്റെ കണക്കുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.