തിരുവനന്തപുരം : കോണ്‍ഗ്രസ് മാറ്റങ്ങളുടെ പാതയിലാണ്. അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയത് മുതല്‍ പാര്‍ട്ടിയില്‍ പല നിര്‍ണായക സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പുകളും പുനഃസംഘടനകളുമെല്ലാമെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍കാണുന്ന സംസ്ഥാനങ്ങളില്‍ വിജയം ലക്ഷ്യം വെച്ചുകൊണ്ടുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായി. ഈ മാറ്റങ്ങളുടെ ഏറ്റവും ഒടുവിലെ ഉദാഹരണം തന്നെയായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുനഃസംഘടനയും. എന്നാല്‍ ഈ പുനഃസംഘടനയില്‍ കൈയ്യടികളെത്തുമ്പോഴും മുറുമുറുപ്പുകളും ഉയരുന്നുണ്ട്. പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയില്‍ പുതിയതായി ശശി തരൂരിനെ ഉള്‍പ്പെടുത്തി. എന്നാല്‍ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നിലവില്‍ സമിതി അംഗമായ എ.കെ ആന്‍റണിയെ നിലനിര്‍ത്തിയിട്ടുമുണ്ട്. കൂടാതെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രവര്‍ത്തക സമിതിയിലുണ്ട്.
ശശി തരൂരിനെ ഒഴിവാക്കിയാല്‍ അനാവശ്യ ചര്‍ച്ചയുണ്ടാകുമെന്ന് കണക്കാക്കിയാണ് നേതൃത്വം അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയതും ഇക്കാരണത്താലാണ്. എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ രമേശ് ചെന്നിത്തലക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗത്വം നല്‍കാതെ സ്ഥിരം ക്ഷണിതാവ് എന്ന പദവി നല്‍കിയതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്‌തി പുകഞ്ഞു. 19 വര്‍ഷം മുമ്പ് ലഭിച്ച അതേ സ്ഥാനം തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നറിയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ വിഷയത്തിന് ചൂടും പിടിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ പടിപടിയായി ചുവടുവെച്ച് കടന്നുവന്ന് സുപ്രധാന പദവികള്‍ വഹിച്ച നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ ചെറുപ്പത്തില്‍ തന്നെ വഹിക്കാന്‍ കഴിഞ്ഞ നേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യുവിലൂടെ സന്നദ്ധ പ്രവര്‍ത്തനം കാഴ്‌ചവെച്ച ശേഷം തന്റെ 26ാം വയസില്‍ ഹരിപ്പാട് നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ തന്റെ 28ാ വയസില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. ആഭ്യന്തര മന്ത്രിയടക്കം തനിക്ക് ലഭിച്ച വകുപ്പുകള്‍ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവെച്ചിരുന്നു. ഇങ്ങനെയുള്ള ഒരു നേതാവിനെയാണ് സ്ഥിരാംഗത്വം നല്‍കാതെ ഹൈക്കമാന്‍ഡ് തഴഞ്ഞത്. ഇതാണ് പ്രവര്‍ത്തകരുടെ അമര്‍ഷത്തിന് കാരണം.
നാളിതുവരെ ഹരിപ്പാടില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത മാത്രം മതിയാകും രമേശ് ചെന്നിത്തല എന്ന നേതാവിന്റെ ജനസ്വീകാര്യത വ്യക്തമാകുവാന്‍. മാത്രമല്ല മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തക സമിതിയില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ അംഗങ്ങളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് ഏറ്റവും ആദ്യം പരിഗണിക്കേണ്ടയിരുന്നത് രമേശ് ചെന്നിത്തലയെ തന്നെയായിരുന്നു. എന്നാല്‍ തന്നെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തില്‍ അതൃപ്‌തിയുണ്ടെന്ന് അറിയിക്കുമ്പോഴും രമേശ് ചെന്നിത്തല പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒപ്പം പരസ്‌പരം ഭിന്നതകള്‍ക്ക് ഇടംനല്‍കാതെ തന്റെ അതൃപ്‌തി സേണിയ ഗാന്ധിയെ അറിയിക്കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും അഭിനന്ദാര്‍ഹമാണ്. എല്ലാത്തിലുമുപരി നിര്‍ണായക സ്ഥാനത്തിന് പരിഗണിക്കാതെ പോയപ്പോഴും അദ്ദേഹം കാണിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ അച്ചടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഴുവനും പാഠമാക്കാവുന്നതുമാണ്.