ചെങ്ങന്നൂർ : പമ്പയുടെ തീരമിടിഞ്ഞില്ലാതാകുമ്പോഴും നദിയുടെ രക്ഷയ്ക്കായി പ്രഖ്യാപിച്ച പമ്പ കർമപദ്ധതിക്ക് ശാപമോക്ഷമായില്ല. പമ്പയെ മാലിന്യമുക്തമാക്കുന്നതിനൊപ്പം തീരത്തിന്റെ സംരക്ഷണവുമാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലം നദീതീരത്തെ 30 പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ നഗരസഭയ്ക്കും പ്രയോജനപ്പെടുമായിരുന്ന പദ്ധതി എങ്ങുമെത്താതെ പോയി. 320 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. നോഡൽ ഏജൻസിയായി സംസ്ഥാന ജലവിഭവവകുപ്പിനെയാണ് നിശ്ചയിച്ചത്. ആദ്യഘട്ടമായി 2.78 കോടി രൂപ അനുവദിച്ചിരുന്നു. 2009 ഒക്ടോബറിൽ സംസ്ഥാന സർക്കാർ പമ്പ റിവർ ബേസിൻ അതോറിറ്റി രൂപവത്കരിച്ചെങ്കിലും പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികസഹായമുൾപ്പെടെ കിട്ടുമായിരുന്ന പദ്ധതിയാണ് ഇല്ലാതായത്.
പമ്പയുടെ തീരത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് നദിയെ മാലിന്യത്തിൽനിന്നു രക്ഷിക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ കുറച്ചു കടവുകളും മറ്റും പണിതതല്ലാതെ പഞ്ചായത്തുകളിൽ കാര്യമായ പ്രവൃത്തികൾ നടന്നില്ല. ഇപ്പോൾ കടവുകളുടെ അവസ്ഥയും പരിതാപകരമാണ്. പമ്പയുടെ തീരം പങ്കിടുന്ന പാണ്ടനാട് പഞ്ചായത്തിലെ കടവുകളുടെ സംരക്ഷണത്തിന് നിലവിൽ പദ്ധതികളൊന്നുമില്ല. കടവുകളുടെ സംരക്ഷണച്ചുമതല പഞ്ചായത്തുകൾക്കാണെങ്കിലും പണമില്ലാത്തത് പ്രതിസന്ധിയാണ്. പമ്പാ ആക്‌ഷൻ പ്ലാനിലെ കുറച്ചു നിർദേശമെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ കൈവഴികൾ വീണ്ടെടുക്കാൻ കഴിയുമായിരുന്നെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. വരട്ടാറും ഇല്ലിമലത്തോടുമുൾപ്പെടെയുള്ള കൈവഴികളിൽ മഴക്കാലത്തും ഒഴുക്കില്ലാത്ത അവസ്ഥയാണ്. കൈവഴികൾ ആഴംകൂട്ടി മാലിന്യംനീക്കിയാലേ പമ്പയെ പൂർണമായി മാലിന്യമുക്തമാക്കാനാകൂവെന്ന് കർമപദ്ധതിയുമായി ബന്ധപ്പെട്ടുപ്രവർത്തിച്ച ഉദ്യോഗസ്ഥർ പറയുന്നു. വെള്ളപ്പൊക്ക പ്രതിരോധപദ്ധതിയുടെ ഭാഗമായി വരട്ടാറിലെ ചെളിയും മാലിന്യവും നീക്കുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും വേഗതയില്ല. ഇല്ലിമലത്തോടിനെ നവീകരിക്കാനുള്ള മൂന്നുകോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടില്ല.