റാന്നി: കനകപ്പലം വെച്ചൂച്ചിറ റോഡിലെ കുളമാംകുഴി കലുങ്ക് അപകടത്തിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. റോഡിന്‍റെ വശം ചേര്‍ന്ന് ടാറിംങ് പൊട്ടി കുഴിയും രൂപപെട്ടു. കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് വന്നു കലുങ്കിന്റെ അടിയിലെ മണ്ണ് ഒഴുകി പോയതു മൂലം കുറെ ഭാഗത്തെ ടാറിങ് ഇടിഞ്ഞു താണിട്ടുമുണ്ട്. രാത്രിയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് അടയാളം വെച്ചതാണ് നിലവിലെ പുരോഗതി. കിഫ്ബി പദ്ധതിയിൽ ഏറ്റെടുത്ത റോഡാണിത്. പദ്ധതിയുടെ ഭാഗമായി കലുങ്ക് നവീകരിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. ഇതിനാണ് നാശം നേരിട്ടത്. തോട്ടിലൂടെ എത്തുന്ന വെള്ളത്തിന്‍റെ ശക്തിയില്‍ വശത്തെ മണ്ണ് തുടരെ ഒലിച്ചു പോകുകയാണ്. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് കനകപ്പലം-വെച്ചൂച്ചിറ.
രണ്ട് ജില്ലകളുടെയും അതിർത്തിയിലാണ് കലുങ്ക്. ഏതാനും ആഴ്‌ചകളായി കലുങ്കിന്റെ ഭാഗത്തെ ടാറിങ് ചെറിയ തോതില്‍ ഇടിഞ്ഞുതാണ നിലയിലായിരുന്നു. കഴിഞ്ഞ മാസം അടുപ്പിച്ചു പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി
ടാറിങ് ഭാഗത്തെ മണ്ണിൽ കുഴി രൂപപ്പെടുകയായിരുന്നു. വാഹന തിരക്കേറിയ റോഡു കൂടിയാണിത്. കൂടാതെ സമീപം ടാറിങ്, കോൺക്രീറ്റ് മിക്സിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ അനേകം ടോറസ് ടിപ്പര്‍ ലോറികൾ ഇതുവഴിയാണ് ലോഡുമായി പോകുന്നത്. ഏതു നിമിഷവും അപകടം ഉണ്ടാകുന്ന നിലയിലാണ്. സ്ഥലം അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.