ഹൈദരാബാദ്: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ 1970-71, 1980-81 സീസണുകളിലായിരുന്നു കേരളത്തിനായി കളിച്ചത്. ബാറ്റിങ്ങിലും മീഡിയം പേസ് ബൗളിങ്ങിലും മികവുകാട്ടി മികച്ച ഓള്‍റൗണ്ടറായി പേരെടുത്ത സത്യ, കേരളത്തിനായി 32 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചു. ഒരു സെഞ്ച്വറി ഉള്‍പ്പെടെ (128 നോട്ടൗട്ട്) 1291 റണ്‍സെടുത്തു.
കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവര്‍ത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്റ്റേറ്റ് ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, അബ്ബാസ് അലി ബെയ്ഗ്, എം.എസ്. ജയ്സിംഹ, സയിദ് ആബിദ് അലി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയകാല സൂപ്പര്‍ താരങ്ങള്‍ വാണ ഹൈദരാബാദ് ലീഗിലും ഇടങ്കൈയന്‍ ബാറ്റ്സ്മാനായ കണ്ണൂരുകാരന്‍ സത്യേന്ദ്രന്‍ മികവു കാട്ടി. വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ് അസോസിയേഷന് അംഗവുമായി.