കലവൂര്‍ : എക്സല്‍ ഗ്ലാസില്‍ അനധികൃത മണല്‍കടത്തില്‍ റവന്യൂമന്ത്രിക്ക് പരാതി നല്‍കി. വന്‍തോതില്‍ മണലൂറ്റുന്നതായുള്ള പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനുശേഷവും മണല്‍ കടത്ത് തുടരുന്നതായി ചൂണ്ടിക്കാട്ടി മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി ഷാജിയാണ് മന്ത്രിക്ക് പരാതി നല്‍കിയത്. പൊളിക്കാന്‍ കരാര്‍ എടുത്തവരാണ് കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന തരത്തില്‍ വന്‍ തോതില്‍ വലിയ ടിപ്പറുകളില്‍ മണല്‍ കടത്തുന്നത്. ലേലത്തില്‍ തമിഴ്നാട് സ്വദേശിയാണ് എക്സല്‍ ഗ്ലാസിലെ കെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടുപോകാന്‍ അനുമതി സ്വന്തമാക്കിയത്.
റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ ചൂണ്ടിക്കാട്ടിയ പരാതിയിലെ പ്രധാനകാരണമായ വലിയകുഴികള്‍ ഉണ്ടാക്കി മണല്‍ എടുത്ത ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ ഇട്ട് മൂടിയത് പരിശോധിക്കാനായില്ല. ഫാക്ടറിക്കുള്ളിലെ കരാറുകാരന്‍ കൊണ്ടുവന്ന മണ്ണുമാന്തി തകരാറിലാണെന്ന് അറിയിച്ചതിനാലാണ് പരിശോധന നടത്താന്‍ കഴിയാതെ വന്നത്. പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ ഇടങ്ങളില്‍ നടത്തേണ്ട കുഴിയെടുത്തുള്ള പരിശോധന അടുത്തദിവസം നടക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും പരിശോധന നടത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കാത്തതില്‍ ദുരൂഹതയുണ്ട്.
തുടര്‍ന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ സാന്നിധ്യത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്. പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് ആര്‍.ഡി.ഒക്ക് വില്ലേജ് ഓഫിസര്‍ നല്‍കി. എക്സലിലെ മണലൂറ്റല്‍ വിഷയം വില്ലേജ് ഓഫിസര്‍ ജോസഫ് സണ്ണി മണ്ണഞ്ചേരി പോലീസിനെ രേഖാമൂലം അറിയിച്ചതായും വിവരമുണ്ട്.