ന്യൂഡൽഹി : ഡൽഹിയിലെ ഓക്സിജൻ ക്ഷാമം കുറഞ്ഞുവെന്നും അധിക ഓക്സിജൻ ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങൾക്കു നൽകാമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഓക്സിജന്റെ ആവശ്യം കുറയുകയും ആശുപത്രിയിലെ ബെഡുകൾ ഒഴിയുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 15 ദിവസങ്ങൾക്കു മുമ്പ് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജനാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. ഇന്നത് 582 മെട്രിക് ടൺ ആയി കുറഞ്ഞിട്ടുണ്ടെന്ന് മനീഷ് സിസോദിയ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് ഞങ്ങൾ കത്തയച്ചിട്ടുണ്ട്. പ്രതിദിനം 582 മെട്രിക് ടൺ ഓക്സിജന്റെ ആവശ്യം മാത്രമേ ഞങ്ങൾക്കുള്ളൂ. അധികം വരുന്ന ഡൽഹിയുടെ ക്വോട്ട മറ്റു സംസ്ഥാനങ്ങൾക്ക് നൽകാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചതായി സിസോദിയ പറയുന്നു. അടിയന്തിര സാഹചര്യത്തിൽ സഹായം നൽകിയ കേന്ദ്രസർക്കാരിനും ഹൈക്കോടതിക്കും അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,400 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാളും 21 ശതമാനം കുറവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി കുറഞ്ഞുവെന്നും സിസോദിയ പറയുന്നു.