തിരുവല്ല : കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഉല്ലാസയാത്രകൾ കൂടുതൽ ജനപ്രിയമായി മാറുന്നു. മൂന്നാറിലേക്ക് 15ന് രാവിലെ 5ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ട് 16ന് രാത്രി മടങ്ങി എത്തും. ആദ്യദിനം മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫോട്ടോ പോയിന്റ്. രണ്ടാംദിനം കാന്തല്ലൂർ മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക്. ടിക്കറ്റ് നിരക്ക് 1500രൂപ.
16നു തിരുവല്ല ഡിപ്പോയിൽ നിന്ന് രാവിലെ 5ന് തൊടുപുഴ, തൊമ്മൻകുത്ത്, ആനച്ചാടികുത്ത്, ഉപ്പുകുന്ന് , ചെറുതോണി, ഇടുക്കി ആർച്ച് ഡാം എന്നിവിടങ്ങളിലേക്ക് കാനന യാത്ര. 675 രൂപയാണ് നിരക്ക്. കൂടാതെ അന്നുതന്നെ രാവിലെ 5ന് തൃശൂർ ജില്ലയുടെ അതിർത്തിയിൽ തമിഴ്നാടിനോടു ചേർന്ന വനപ്രദേശമായ മലക്കപ്പാറയിലേക്ക് ഉല്ലാസയാത്രയുമുണ്ട്. ആതിരപ്പള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ഷോളയാർ ഡാം പെൻസ്റ്റോക്ക്, ഷോളയാർ ഡാം റിസർവോയർ എന്നിവിടങ്ങളിലൂടെയാണിത്. 770 രൂപയാണ് നിരക്ക്. 23ന് രാവിലെ 5ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, ചീപ്പാറ വെള്ളച്ചാട്ടം, പെരുവൻകുത്ത് വെള്ളച്ചാട്ടം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങൾ ഉൾപ്പെടുത്തി ജംഗിൾ സഫാരി. 950 രൂപ യാണ് നിരക്ക്.
കെ.എസ്.ആർ.ടി.സി ആരംഭിച്ച രണ്ടാമത്തെ ഗവി സർവീസും സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ 25നാണ് രണ്ടാമത്തെ സർവീസ് കെ.എസ്.ആർ.ടി.സി തുടങ്ങിയത്. ശനി, ഞായർ ദിവസങ്ങളിൽ 35,000 രൂപ വരെയും മറ്റു ദിവസങ്ങളിൽ 30,000 രൂപയും ശരാശരി കളക്ഷന്‍ സര്‍വീസില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഡി ടിഒ തോമസ് മാത്യു പറഞ്ഞു. കാലുകുത്താൻ സ്ഥലമില്ലാത്ത തരത്തിലാണു ബസിലെ തിരക്ക്. രാവിലെ 5.30നാണ് സർവീസ് തുടങ്ങുന്നത്. വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ മൂലമാണു കൂടുതൽ സർവീസുകൾ ഓടിക്കാന്‍ കഴിയാത്തത്. അതിനാല്‍ തന്നെ ബസിൽ റിസർവേഷൻ അനുവദിക്കാനും കഴിയുന്നില്ല.
ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പത്തനംതിട്ടയിൽ തലേദിവസം എത്തി ലോഡ്ജിലും ഹോട്ടലുകളിലും താമസിച്ചാണ് ഗവി യാത്ര നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഡോർമിറ്ററി ആരംഭിക്കുകയോ പഴയ ബസുകൾ രൂപമാറ്റം വരുത്തി മൂന്നാറിലെപ്പോലെ ബസിൽ തന്നെ താമസ സൗകര്യം ഒരുക്കുകയോ ചെയ്‌താല്‍ യാത്രക്കാര്‍ക്ക് സഹായമാകും. ഗവി സര്‍വീസ് കൂടാതെ ksrtc ബജെറ്റ് ടൂറിസം സെല്‍ നടത്തുന്ന വാഗമൺ, പരുന്തുംപാറ, കുമരകം, തെൻമല സർവീസുകളും പത്തനംതിട്ടയില്‍ നിന്നുണ്ട്. ഇവയില്‍ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. കുമരകം പാക്കേജിന് മൂന്നു നേരത്തെ ഭക്ഷണവും യാത്രയും ബോട്ടിങ്ങും അടക്കം 1050 രൂപ മാത്രമാണ് ഈടാക്കുന്നത്. ഫോണ്‍ – 98464 60020. കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ – 04682222366