കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ചെങ്ങല്‍ വട്ടത്തറ ഭാഗത്ത് പാറേലി വീട്ടില്‍ അജാസ് (32), വട്ടത്തറ വട്ടേപ്പാടത്ത് വീട്ടില്‍ റിന്‍ഷാദ് (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ അജാസ് ഏലൂര്‍ സ്റ്റേഷനില്‍ മയക്ക് മരുന്ന് കേസിലെ പ്രതിയാണ്. ചെങ്ങല്‍ റയില്‍വേ പാലത്തിന് സമീപമിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിന്റെയും സുഹൃത്തായ പെണ്‍കുട്ടിയുടെയും അടുത്തേക്കാണ് എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രതികള്‍ എത്തിയത്.
യുവാവിനെ മര്‍ദ്ദിച്ച ശേഷം ഇരുവരെയും ചേര്‍ത്തിരുത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെക്കൊണ്ട് ഗൂഗിള്‍ പേ ചെയ്യിപ്പിച്ച് നാലായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയ പ്രതികളാണ് പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.