ഗുജറാത്ത് : ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്ന ചൂടിൽ വലയുകയാണ്. പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വഴികളും ആളുകൾ തേടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 42.6 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ നിന്ന് പുറത്ത് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പുറത്ത് വെയിലത്ത് സ്കൂട്ടറിൻറെ സീറ്റിന് മുകളിൽ ദോശ മാവ് ഒഴിച്ച് ദോശ തയ്യാറാക്കുന്ന യുവാവിൻറെ വീഡിയോയാണിത്. ചുട്ടുപൊള്ളുന്ന ചൂടിൽ ദോശ ഉണ്ടാക്കുന്നതിന്റെ ഒരു വിഡിയോ ഹർഷ് ഗോയങ്ക ട്വിറ്ററിൽ പങ്കുവെച്ചു. വേനൽച്ചൂടിൽ വെസ്പയിലെ വിദഗ്ധർ തയ്യാറാക്കിയ ദോശ 40 ഡിഗ്രി ചൂടിൽ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ രംഗത്തെക്കുറിച്ച് രസകരമായ നിരവധി കമൻറുകളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ശനിയാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ജൂണ് 15 ഓടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.