തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിന്റെ ചിത്രങ്ങള്‍ തീയേറ്റർ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി ഒടിടി റിലീസിന് എത്തുകയാണ്. ഈ മാസം തന്നെ രണ്ട് ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയോക്ക്.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിലൂടെ പ്രദർശനത്തിന് എത്തിയത്. ഇരു ചിത്രങ്ങളും ഒടിടിക്കു വേണ്ടി തന്നെയാണ് ഒരുക്കിയിരുന്നത്. കൂടാതെ സീയു സൂൺ എന്ന ചിത്രവും താരത്തിന്‍റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു.