കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് വ്യാജന്മാർ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നു. പെൺകുട്ടികളുടെയോ മാതാപിതാക്കളുടെയോ ഫോണിൽ വിളിച്ചാണ് തട്ടിപ്പ്.
പെൺകുട്ടിയുടെ നഗ്നവീഡിയോ ഇന്റർനെറ്റിൽ വ്യാപിക്കുന്നു, ഇക്കാരണത്താലാണ് വിളിച്ചത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യരീതി. പോലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാൽ ഭൂരിഭാഗംപേരും ഇതുവിശ്വസിക്കും.
വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പിൽ ഉദ്യോഗസ്ഥനെമാത്രം കാണുന്ന രീതിയിൽ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്ക്രീൻ ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് പുറത്തുപറയാൻ ആളുകൾ ഭയക്കുന്നത് തട്ടിപ്പുകാർക്ക് വളമാകുകയും ചെയ്യുന്നു.
കൊച്ചിയിലെ പോലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പിൽപ്പെടുത്താൻ ശ്രമിച്ചതോടെയാണ് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഒരു മാസത്തിനിടെ കൊച്ചി സിറ്റി സൈബർസെല്ലിൽ രണ്ട് പരാതികളെത്തി.